ബംഗളൂരു
ആദ്യ രഞ്ജി ട്രോഫിയിലേക്ക് മധ്യപ്രദേശ് അടുക്കുന്നു. മുംബൈക്കെതിരായ ഫൈനലിൽ ഒരുദിനം ശേഷിക്കേ വ്യക്തമായ മേധാവിത്വം നേടി. ഒന്നാം ഇന്നിങ്സിൽ 162 റൺ ലീഡ്. കളി സമനിലയായാലും ലീഡ് ബലത്തിൽ മധ്യപ്രദേശിന് ചാമ്പ്യൻമാരാകാം.
രണ്ടാംഇന്നിങ്സിൽ നാലാംദിനം കളി നിർത്തുമ്പോൾ മുംബൈ രണ്ടിന് 113 റണ്ണെന്ന നിലയിലാണ്. 49 റൺ പിറകിൽ. അവസാനദിനം പെട്ടെന്ന് റണ്ണടിച്ച് ഉച്ചഭക്ഷണത്തിനുശേഷം മധ്യപ്രദേശിനെ ബാറ്റിങ്ങിന് വിട്ട് സമ്മർദത്തിലാക്കുക എന്നതുമാത്രമാണ് ഇനി മുംബൈക്കുമുന്നിലുള്ള ഏകവഴി. സ്കോർ: മുംബൈ 374, 2–-113 മധ്യപ്രദേശ് 536.
മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 368ന് തുടങ്ങിയ മധ്യപ്രദേശിനായി രജത് പാട്ടിദാറും (122) സെഞ്ചുറിയടിച്ചു. നേരത്തേ യാഷ് ദുബെയും ശുഭം ശർമയും ശതകം കുറിച്ചിരുന്നു. സർണാഷ് ജെയ്ൻ (57) അരസെഞ്ചുറിയും നേടി. ഒന്നാം ഇന്നിങ്സിൽ 536 റണ്ണാണ് മധ്യപ്രദേശ് നേടിയത്. ഷംസ് മുലാനി മുംബൈക്കായി അഞ്ച് വിക്കറ്റ് നേടി.
മറുപടിയിൽ ക്യാപ്റ്റൻ പൃഥ്വി ഷാ (44), ഹാർദിക് തമോർ (25) എന്നിവരെയാണ് മുംബൈക്ക് നഷ്ടമായത്. 30 റണ്ണുമായി അർമാൻ ജാഫറും സുവേദ് പാർകറുമാണ് (9) ക്രീസിൽ. യശസ്വി ജയ്സ്വാളും സർഫ്രാസ് ഖാനും ഇറങ്ങാനുണ്ട്. നാലാംദിനം മഴ ഇടയ്ക്ക് കളി മുടക്കിയതിനാൽ ഇന്ന് 95 ഓവർ മത്സരമുണ്ടാകും. രാവിലെ 9.15ന് ആരംഭിക്കും.