മൂവാറ്റുപുഴ
നാലുപതിറ്റാണ്ടുമുമ്പ് അച്ചടി നിലച്ച സ്വന്തം സിനിമാ പ്രസിദ്ധീകരണത്തിന്റെ ഒരു പതിപ്പെങ്കിലും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പത്രാധിപർ കെ എ മൂസ (മൂവാറ്റുപുഴ മൂസ). “സീന’ എന്ന പേരിൽ 1968 മുതൽ 1982 വരെ പ്രസിദ്ധീകരിച്ച മാസികയുടെ പതിപ്പ് തേടി മൂസ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചു.
മിനിക്കഥകൾ എഴുതിയ കാലത്ത് സിനിരമ മാസികയിലെ തൂലികാസൗഹൃദ പംക്തിയിൽ മൂസയുടെ ചിത്രം അച്ചടിച്ചുവന്നതാണ് സിനിമയിലേക്കു തിരിയാൻ കാരണം. തുണിക്കട നിർത്തി അഭിനയമോഹവുമായി മദ്രാസിലെത്തിയ മൂസയ്ക്ക് മുതുകുളം രാഘവൻപിള്ളയുടെ കഥയിൽ മധുവിന്റെ കഥാപാത്രത്തിന്റെ സഹോദരവേഷമാണ് ലഭിച്ചത്. സിനിമ പൂർത്തിയായില്ല. തുടർന്ന് “തൊട്ടാവാടി’യിൽ പ്രേംനസീറിനൊപ്പം ചെറിയ വേഷം ചെയ്തു. അഭിനയം തുടരാൻ കഴിയാതെ നാട്ടിലെത്തിയ മൂസ, ആനുകാലികങ്ങളിൽ മിനിക്കഥകൾ എഴുതി. തുടർന്ന് ‘സീന’ സാഹിത്യമാസിക തുടങ്ങി. 1968ൽ സിനിമാമാസികയാക്കി. 500 എന്നതിൽ തുടങ്ങി 35,000 എണ്ണംവരെ പുറത്തിറക്കി.
എറണാകുളം എസ്ടി റെഡ്യാർ പ്രസിൽ അച്ചടിച്ച ആദ്യ സിനിമാമാസികയാണ് “സീന’. എഴുത്തും നടത്തിപ്പും വിതരണവുമെല്ലാം സ്വന്തമായി കൊണ്ടുപോകാനാകാതെ നഷ്ടത്തിലായതോടെ നിർമാണമേഖലയിലേക്കു തിരിഞ്ഞു. 1982ൽ അച്ചടി നിലച്ച “സീന’യുടെ ഒരു പതിപ്പെങ്കിലും കണ്ടെത്തണമെന്ന ആഗ്രഹം സമൂഹമാധ്യമങ്ങളിലൂടെ മൂസ പങ്കുവച്ചപ്പോഴാണ് ഭാര്യയും മക്കളും പരിചയക്കാരുമെല്ലാം മൂവാറ്റുപുഴ മൂസയെന്ന പഴയ പത്രാധിപരെപ്പറ്റി അറിഞ്ഞത്.
പഴയ പ്രസിദ്ധീകരണങ്ങൾ ശേഖരിച്ചവർ പലരും തങ്ങളുടെ പക്കലുള്ള പതിപ്പിന്റെ ചിത്രം അയച്ചുകൊടുത്തെങ്കിലും മാസിക കൈമാറില്ലെന്നത് മൂസയ്ക്ക് ബുദ്ധിമുട്ടായി. കൂടുതൽ എണ്ണം കൈവശമുള്ളവരുടെയോ നൽകാൻ തയ്യാറുള്ളവരുടെയോ മനസ്സലിയുമെന്ന പ്രതീക്ഷയിലാണ് എഴുപത്തിരണ്ടുകാരനായ മൂസ. പ്രതിഫലവും നൽകും. സ്വർണവ്യാപാരിയായിരുന്ന പരേതനായ കെ കെ അന്ത്രുവിന്റെയും ഐഷയുടെയും ഇളയമകനാണ് മൂസ. മൂവാറ്റുപുഴ പുതുപ്പാടിയിലാണ് താമസം. ഭാര്യ: സുബൈദ, മക്കൾ: സഞ്ജു, ഷാസിൻ. മരുമക്കൾ: തസ്നി, ഹിഷാന.