കോട്ടയം
പ്രതിപക്ഷ നേതാവ് വി ഡി സതീശനും വയനാട്ടെ കോൺ ഗ്രസ് നേതാക്കളും ദേശാഭിമാനി വയനാട് ലേഖകൻ വി ജെ വർഗീസിനെ വാർത്താ സമ്മേളനത്തിനിടെ ഭീഷണിപ്പെടുത്തിയതിലും തുടർന്ന് വയനാട് ജില്ലാ ബ്യൂറോയ്ക്ക് നേരെ ആക്രമണം നടത്തിയതിലും കെ യു ഡബ്ല്യു ജെ ദേശാഭിമാനി സംസ്ഥാന കോർഡിനേഷൻ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
ദേശാഭിമാനിയെയും ദേശാഭിമാനിയിലെ മാധ്യമ പ്രവർത്തകരെയും ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം അനുവദിക്കില്ല. അടിയന്തരാവസ്ഥയുടെ വാർഷിക ദിനത്തിൽ തന്നെ കോൺഗ്രസ് നേതാക്കൾ ദേശാഭിമാനിക്കെതിരെ ഹാലിളകി ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണ്. സ്വന്തം പാർടി ഓഫീസിൽ വിളിച്ച വാർത്താ സമ്മേളനത്തിലെ ചോദ്യത്തെ തുടർന്നായിരുന്നു സതീശൻ്റെ പ്രകോപനം. കൈ അറക്കുമെന്ന ക്രൂരമായ ഭീഷണി പ്രഖ്യാപനവും പിന്നാലെ വന്നു. അധികം വൈകാതെ ദേശാഭിമാനിയുടെ വയനാട് ജില്ലാ ബ്യൂറോയ്ക്ക് നേരെയും ആക്രമണമുണ്ടായി. ഇത്തരം ജനാധിപത്യ വിരുദ്ധ നീക്കത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്ന് കോ- ഓർഡിനേഷൻ സംസ്ഥാന പ്രസിഡൻ്റ് എസ് മനോജും സെക്രട്ടറി കെ പ്രഭാതും പ്രസ്താവനയിൽ അഭ്യർഥിച്ചു. മുഴുവൻ യൂണിറ്റുകളിലും യോഗം ചേർന്ന് കോൺഗ്രസ് അ ക്രമത്തിനെതിരെ പ്രതിഷേധിച്ചു.