വാഷിംഗ്ടണ്‍ > യുഎസില്‍ വനിതകള്‍ക്ക് ഗര്‍ഭഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം എടുത്തുകളഞ്ഞ് സുപ്രീം കോടതി. അമേരിക്കയില്‍ നിയമപരമായ ഗര്‍ഭഛിദ്രങ്ങള്‍ക്ക് അടിസ്ഥാനമായ റോയ് വി വേഡ് എന്ന സുപ്രധാന കേസിനെ അസാധുവാക്കിയാണ് മിസിസിപ്പി ഗര്‍ഭഛിദ്ര നിയമത്തിന് അനുകൂലമായി യുഎസ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. രാജ്യത്ത് ശക്തമായ പ്രതിഷേധം വിഷയവുമായി ബന്ധപ്പെട്ട് തുടരുന്നതിനിടെയാണ് കോടതി വിധി. വിധിയുടെ പശ്ചാത്തലത്തില്‍
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി.
റിപ്പബ്ലിക്കന്‍ പിന്തുണയോടെ മിസിസിപ്പി സംസ്ഥാനം നേരത്തെ പാസാക്കിയ ഗര്‍ഭഛിദ്ര നിരോധന നിയമത്തിന് പരമോന്നത കോടതി അംഗീകാരവും നല്കി.സമീപ കാലത്ത് യുഎസ് സുപ്രീം കോടതിയുടെ ഏറ്റവും പ്രധാന വിധിയായി യുഎസ് മാധ്യമങ്ങള്‍ ഗര്‍ഭ ഛിദ്രത്തെ നിരോധിച്ചതിനെ വിശേഷിപ്പിച്ചു. അതേസമയം, വിധിക്കെതിരെ നിരവധി വനിതാ സംഘടനകള്‍ ഉള്‍പ്പെടെ രംഗത്തെത്തി.
സ്വന്തം ശരീരത്തിന് മേലുള്ള അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണ് വിധിയെന്ന് വിവിധ സംഘടനകള്‍ പറഞ്ഞു
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ചില സംസ്ഥാനങ്ങളില്‍ ഗര്‍ഭഛിദ്രത്തിനായി പ്രവര്‍ത്തിച്ച ക്ലിനിക്കുകള്‍ അടച്ചുപൂട്ടി തുടങ്ങി.അതേ സമയം, വിധി ദുരന്തസമാനമായ തെറ്റാണെന്ന് പ്രസിഡന്റ് ബൈഡന് കുറ്റപ്പെടുത്തി.
അമേരിക്കയെ 150 വര്‍ഷം പിന്നോട്ട് നടത്തിച്ച വിധിയെന്ന് ബൈഡന് പ്രതികരിച്ചു. അമേരിക്കക്ക് ദുഃഖം നിറഞ്ഞ ദിവസമാണെന്നും അദ്ദേഹം പറഞ്ഞു. ഒമ്പതംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ആറ് ജഡ്ജിമാര്‍ അനുകൂലിച്ചപ്പോള്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര് വിയോജിച്ചു.