പോപ്പ് രാജാവ് മൈക്കല്‍ ജാക്സണ് ഓര്‍മയായിട്ട് ഇന്നേക്ക് 12 വര്‍ഷം.സംഗീതത്തില്‍ തന്റേതായ ശൈലി രൂപപ്പെടുത്തി ലോകത്തെ മുഴുവന്‍ തന്നിലേക്ക് ആവാഹിച്ച മഹാ പ്രതിഭയായിരുന്നു ജാക്സണ്.ലോകമെമ്പാടുമുള്ള ബാല്യ-കൗമാര- യൗവനങ്ങളെ ഇത്രയേറെ ത്രസിപ്പിച്ച മറ്റൊരു കലാകാരന് ഉണ്ടായിട്ടില്ല.
ഗിന്നസ് പുസ്തകത്തില്‍ ജാക്സനെ രേഖപ്പെടുത്തിയിരിക്കുന്നത്, ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരിലാണ്.അമേരിക്കയിലെ ഗാരിയില്‍ ആഫ്രിക്കന്‍ – അമേരിക്കന്‍ കുടുംബത്തിലെ എട്ടാമത്തെ കുട്ടിയായാണ് മൈക്കല്‍ ജോസഫ് ജാക്സണ് ജനിക്കുന്നത്.അഞ്ചു സഹോദരന്മാരുടെ പോപ്പ് സംഘമായ ‘ജാക്സന്‍സ് ഫൈവ് മോടൊണ്‍, എന്ന പ്രശസ്ത റെക്കോര്‍ഡ് കമ്പനിയുമായി കരാറിലൊപ്പിടുമ്പോള്‍ പ്രധാനഗായകനായ മൈക്കല്‍ ജാക്സനു പ്രായം 9 വയസ്.
ജാക്സന് ഫൈവിലൂടെ ആരംഭിച്ച ലോകപര്യടനങ്ങള്‍ മൈക്കല്‍ ജാക്സന്റെതായി മാറി. അപ്പോഴേക്കും ഈണങ്ങളില്‍ ഇതിഹാസമെഴുതിത്തുടങ്ങിയിരുന്നു ജാക്സണ് .
മൈക്കിള്‍ ജാക്സനെന്ന ലഹരി അമേരിക്ക കടന്ന് കടലും കരയും അതിര്‍ത്തികളും ഭാഷകളും ഭേദിച്ചു. വര്‍ണ, വര്‍ഗ, ജാതി വ്യത്യാസമില്ലാതെ ആരാധകര്‍ ആ അമേരിക്കക്കാരനെ തേടിയെത്തി. പാട്ടും നൃത്തവും ആസ്വദിച്ചു.ലോകം അങ്ങനെ ജാക്സനിലേക്ക് കൂടുകൂട്ടി.2009 ജൂണ്‍ 25 ന് മൈക്കല്‍ ജാക്സന് ലോകത്തോട് വിട പറയുമ്പോള്‍ അതൊരു യുഗാന്ത്യമായിരുന്നു. പക്ഷേ ഉന്മാദത്തിന്റെ ആ മൂണ്‍ വാക്കുകള്‍ അവസാനിക്കുന്നില്ല. ത്രില്ലറും ബീറ്റ് ഇറ്റും ബാഡും ബില്ലി ജീനും സ്മൂത്ത് ക്രിമിനലുമൊക്കെ ആ ലഹരി അന്നും ഇന്നും സിരകളിലേക്ക് പടര്‍ത്തിക്കൊണ്ടേയിരിക്കുന്നു.