കോട്ടയം> കവണാറ്റിൻകരയിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ നേതൃത്വത്തിലുള്ള ട്രീറ്റ്മെന്റ് പ്ലാന്റിൽ ഇനി ആർക്കും ജലത്തിന്റെ ശുദ്ധി പരിശോധിക്കാം. ഹൗസ്ബോട്ടുകളിൽ നിന്നുള്ള കക്കൂസ് മാലിന്യം ശുദ്ധജലമാക്കുന്ന പ്ലാന്റ് പൂർണസജ്ജമായി പ്രവർത്തനമാരംഭിച്ചിട്ട് ഒരു മാസമേ ആകുന്നുള്ളൂ.
വെള്ളത്തിന്റെ ശുദ്ധി സംബന്ധിച്ച് സംശയങ്ങളുണ്ടെങ്കിൽ ദൂരീകരിക്കാനാണ് ആർക്കും വന്ന് പരിശോധിക്കാവുന്ന ലാബ് സജ്ജമാക്കിയത്. രണ്ടുദിവസത്തിനകം ഇത് പ്രവർത്തനമാരംഭിക്കും. ട്രയൽ റൺ നടന്നുവരുന്നുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥർക്ക് ഓൺലൈൻ ആപ്പ് വഴി വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള സൗകര്യവും ഇവിടെ ഒരുങ്ങുന്നുണ്ട്. ഓൺലൈൻ എഫിഷ്യൻസി മോണിറ്ററിങ് സിസ്റ്റം (ഒഇഎംഎസ്) എന്ന ഈ സംവിധാനം കേരളത്തിൽ തന്നെ ആദ്യത്തേതാണ്.
ഹൗസ്ബോട്ടുകളിൽ നിന്നുള്ള മാലിന്യം പ്രദേശത്ത് ഗുരുതര പ്രശ്നമായപ്പോഴാണ് മുമ്പിവിടെ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് തുടങ്ങിയത്. എന്നാൽ ശുദ്ധീകരിക്കുന്ന വെള്ളത്തിന്റെ നിലവാരം പരിശോധിക്കാൻ കുറ്റമറ്റ സംവിധാനമുണ്ടായിരുന്നില്ല. കോവിഡ് കാലത്ത് രണ്ടുവർഷം പ്ലാന്റ് അടഞ്ഞുകിടന്നു. പിന്നീട് സംസ്ഥാന സർക്കാർ അനുവദിച്ച 73 ലക്ഷം രൂപ വഴി ആധുനിക യന്ത്രങ്ങൾ എത്തിച്ചു. മികച്ച രീതിയിൽ വെള്ളം ശുദ്ധീകരിച്ച് പുറത്തെത്തിക്കാനും ആരംഭിച്ചു. മൂന്നുദിവസം കൂടുമ്പോൾ ഏകദേശം 15,000 ലിറ്റർ മലിനജലം ശേഖരിച്ച് ഇവിടെ ശുദ്ധീകരിക്കുന്നുണ്ട്.
നിലവിൽ പ്ലാന്റിനു സമീപമുള്ള തോട്ടത്തിലാണ് ഈ വെള്ളം ഉപയോഗിക്കുന്നത്. വിദേശ രാജ്യങ്ങളിൽ ഇത്തരത്തിൽ ശുദ്ധീകരിച്ച ജലം വീട്ടാവശ്യങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. ജലശുദ്ധീകരണ രംഗത്ത് വലിയൊരു കാൽവയ്പ്പാണ് ഡിടിപിസി നേതൃത്വത്തിൽ കവണാറ്റിൻകരയിൽ നടപ്പാക്കുന്നത്. ജലം ശുദ്ധീകരിച്ചശേഷം ലഭിക്കുന്ന ഖരമാലിന്യം വളമാക്കി മാറ്റാനുള്ള പദ്ധതിയും ഇവിടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നു.