കണ്ണൂർ> മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ അപായപ്പെടുത്താനുള്ള സംഘത്തെ അയച്ചത് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിർദേശ പ്രകാരം കണ്ണൂർ ഡിസിസി ഓഫീസിൽ നിന്നാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. 13ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ ശ്രമിച്ച മൂന്ന് പേർക്ക് ഉയർന്ന നിരക്കിലുള്ള ടിക്കറ്റ് ബുക്ക് ചെയ്തത് ഡിസിസി ഓഫീസിൽ നിന്നാണ്.
കണ്ണൂരിലെ സ്വകാര്യ ട്രാവൽ ഏജൻസിയിൽ 13ന് പകൽ 12.38നാണ് ഡിസിസി ഓഫീസിൽ നിന്ന് വിളിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. ഇതിന്റെ കാശ് ഇപ്പോഴും കൊടുത്തിട്ടില്ല. എൽഡിഎഫ് ജില്ലാ റാലി വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജയരാജൻ.
മുഖ്യമന്ത്രിയെ അപായപ്പെടുത്തുകയായിരുന്നു ഇക്കൂട്ടരുടെ ലക്ഷ്യം. കണ്ണൂർ–തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിൽ ഉയർന്ന നിരക്കിൽ ടിക്കറ്റ് എടുത്ത് കൊടുത്ത് 19 കേസിലെ പ്രതിയും ഗുണ്ടാലിസ്റ്റിൽപ്പെടുകയും ചെയ്യുന്ന യൂത്ത് കോൺഗ്രസ്സ് ക്രിമിനലിനെ മുഖ്യമന്ത്രിയെ അപായപ്പെടുത്താനാണ് അയച്ചത്. 1995 ൽ സിപിഐ എം നേതാക്കളെ ട്രെയിൻ യാത്രക്കിടയിൽ വകവരുത്താൻ തോക്കും പണവും നൽകി ക്വട്ടേഷൻ സംഘത്തെ അയച്ച അതേ ബുദ്ധികേന്ദ്രമാണ് ഇപ്പോൾ മുഖ്യമന്ത്രിയെ അക്രമിക്കാൻ സ്വന്തം ക്രിമിനൽ സംഘത്തെ അയച്ചത്.
വിമാന യാത്രയായത് കൊണ്ടാണ് ക്രിനിനലുകൾക്ക് തോക്ക് കൊണ്ടുപോകാൻ കഴിയാതിരുന്നത്. ഫർസീൻ മജീദ്, ആർ കെ നവീൻകുമാർ, സുനിത്ത് നാരായണൻ എന്നിവരെ കൂടാതെ മുഖ്യമന്ത്രിയെ അപായപ്പെടുത്താനുള്ള സംഘത്തിൽ യൂത്ത് കോൺഗ്രസിന്റെ മട്ടന്നൂരിലുള്ള പ്രധാന നേതാവ് കൂടിയുണ്ടായിരുന്നു. ഇയാൾ സ്ഥിരമായി തിരുവനന്തപുരത്ത് പോകുന്നയളാണ്. ഉന്നത കോൺഗ്രസ് നേതാക്കളുമായി ബന്ധമുള്ളയാളാണ് ഈ യൂത്ത് കോൺഗ്രസ് നേതാവ്. അതിനാൽ ഗൂഢാലോചന ഉറപ്പാണെന്നും ജയരാജൻ വ്യക്തമാക്കി.