കൊച്ചി> ഇറച്ചിനുറുക്കുയന്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ കേസിൽ മലയാളസിനിമകളുടെ നിർമാതാവ് കെ പി സിറാജുദ്ദീൻ കസ്റ്റംസിന്റെ പിടിയിലായി. അടുക്കള ഉപകരണങ്ങളിൽ ഒളിപ്പിച്ച് മുമ്പും സ്വർണം കടത്തിയിട്ടുള്ള സിറാജുദ്ദീനാണ് കേസിലെ പ്രധാന പ്രതി. വിദേശത്തായിരുന്ന സിറാജുദ്ദീൻ കസ്റ്റംസിന്റെ നോട്ടീസ് പ്രകാരം കൊച്ചിയിലെ ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരായപ്പോഴായിരുന്നു അറസ്റ്റ്. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനും മുസ്ലിംലീഗിന്റെ ജില്ലാനേതാവുമായ എ എ ഇബ്രാഹിംകുട്ടിയുടെ മകൻ ഷാബിൻ അടക്കം മൂന്നുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ഏപ്രിൽ 23ന് ദുബായിൽനിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ കാർഗോ വിമാനത്തിൽ വന്ന ഇറച്ചിവെട്ടുയന്ത്രത്തിൽ നിന്നാണ് 2.23 കിലോഗ്രാം സ്വർണം പിടിച്ചത്. സ്വർണം അയച്ചത് സിറാജുദ്ദീനാണെന്ന് കണ്ടെത്തിയെങ്കിലും വിദേശത്തായിരുന്ന ഇയാളെ പിടികൂടാനായില്ല. വാങ്ക്, ചാർമിനാർ എന്നീ സിനിമകളുടെ നിർമാതാവാണ് സിറാജുദ്ദീൻ. സന്ദർശകവിസയിൽ ദുബായിലായിരുന്ന സിറാജുദ്ദീനായി കസ്റ്റംസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇയാളുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മൂന്നുതവണ നോട്ടീസും നൽകി. ആദ്യ രണ്ട് നോട്ടീസിലും ഹാജരാകാതിരുന്ന സിറാജുദ്ദീൻ ബുധനാഴ്ച ചെന്നൈയിൽനിന്നാണ് കൊച്ചിയിലെത്തിയത്.
ഹവാല ഇടപാടിൽ ദുബായിൽ പണമെത്തിച്ച് പലപ്പോഴായി സിറാജുദ്ദീൻ സ്വർണം കടത്തിയതായി ചോദ്യം ചെയ്യലിൽ വ്യക്തമായി. ഇയാൾ സ്ഥിരമായി ദുബായിലേക്കും തിരിച്ചും യാത്ര ചെയ്തിരുന്നു. കള്ളക്കടത്തിലൂടെ സമ്പാദിച്ച പണമാണ് സിനിമാനിർമാണത്തിന് ചെലവഴിച്ചത്. സിറാജുദ്ദീനെ സാമ്പത്തിക കുറ്റവിചാരണയ്ക്കുള്ള കൊച്ചിയിലെ പ്രത്യേക കോടതിയിൽ വ്യാഴാഴ്ച ഹാജരാക്കും. കേസിലെ രണ്ടാംപ്രതിയായ ഷാബിൻ ഏപ്രിൽ ഇരുപത്തെട്ടിനാണ് അറസ്റ്റിലായത്. കരാർപണികളും ഹോട്ടൽവ്യവസായവും നടത്തിയിരുന്ന ഇയാൾ, ബാപ്പ ഇബ്രാഹിംകുട്ടി തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനായശേഷമാണ് കള്ളക്കടത്തിലെത്തിയത്. തുരുത്തേൽ എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു കള്ളക്കടത്ത്. കൂട്ടാളിയായിരുന്ന പി എ സിറാജുദ്ദീൻ, പാഴ്സൽ ഏറ്റെടുക്കാൻ എത്തിയ തൃക്കാക്കര സ്വദേശി നകുൽ എന്നിവരാണ് നേരത്തേ അറസ്റ്റിലായത്.