മട്ടാഞ്ചേരി > ലക്ഷദ്വീപിൽ സ്കൂളുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രതിഷേധങ്ങൾ നിരോധിച്ച് വിദ്യാഭ്യാസ ഡയറക്ടർ രാകേഷ് ഡാമിയ ഉത്തരവിട്ടു. സ്കൂളുകളിലെ സമരങ്ങൾ, ധർണ, പ്രകടനങ്ങൾ, സമാനമായ മറ്റു പ്രവർത്തനങ്ങൾ എന്നിവ നിരോധിച്ചതായി ഉത്തരവിൽ വ്യക്തമാക്കുന്നു. വിദ്യാർഥികളുടെ മൗലികാവകാശങ്ങളെ സംരക്ഷിക്കുന്നതിനുള്ള മുൻകരുതലാണെന്നാണ് അധികൃതരുടെ വാദം.
ആഴ്ചകൾക്കുമുമ്പ് മിനിക്കോയ് ദ്വീപിലെ എൻജിനിയറിങ് ഡിപ്ലോമ കോളേജിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധിച്ച വിദ്യാർഥികളെ ക്യാമ്പസിൽ പൊലീസ് തല്ലി. ഇതോടെ മറ്റു ദ്വീപുകളിലേക്കും പടർന്ന പ്രതിഷേധം അടിച്ചമർത്താനാണ് നീക്കമെന്ന് വിദ്യാർഥികൾ പറഞ്ഞു. ഉത്തരവുപ്രകാരം വിദ്യാർഥിസംഘടനകൾക്ക് യോഗം വിളിക്കുന്നതിനും നിരോധനമുണ്ട്. സ്കൂൾ – കോളേജ് ക്യാമ്പസുകളിൽ രാഷ്ട്രീയമായോ അല്ലാതെയോ ഏതെങ്കിലും വിഷയത്തിൽ തങ്ങളുടെ പ്രതിഷേധങ്ങളോ വിയോജിപ്പുകളോ പ്രകടിപ്പിക്കുന്നതിനോ അവരുടെ അവകാശങ്ങൾ നടപ്പാക്കുന്നതിനോവേണ്ടി സമരങ്ങളും പാടില്ല.
ഉത്തരവ് ലംഘിച്ചാൽ ശക്തമായ ശിക്ഷാനടപടിയുമായി മുന്നോട്ടുപോകാനാണ് അധികൃതരുടെ തീരുമാനം. ഉത്തരവ് ലംഘിക്കുന്നവർക്ക്, ലക്ഷദ്വീപിലെ വിദ്യാർഥികൾക്ക് നൽകുന്ന എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും പൂർണമായോ ഭാഗികമായോ നിഷേധിക്കും. ഇതിൽ 14 വയസ്സിനുമുകളിലുള്ള വിദ്യാർഥികൾ ഉത്തരവ് ലംഘിച്ചാൽ, അതത് വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്ന് സ്ഥിരമായോ നിർദിഷ്ട കാലയളവിലേക്കോ പുറത്താക്കും. 14 വയസ്സിനുതാഴെയുള്ള വിദ്യാർഥികൾക്കെതിരെ പിഴ ചുമത്തുന്നത് ഉൾപ്പെടെ നടപടി സ്വീകരിക്കും.
നിലവിൽ 68 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് 10 ദ്വീപുകളിലായി ഉള്ളത്. നേഴ്സറി 16, പ്രൈമറി -21, അപ്പർ പ്രൈമറി 10, സെക്കൻഡറി സ്കൂൾ -3, സീനിയർ സെക്കൻഡറി 10, സിബിഎസ്ഇ ബോർഡ് സ്കൂൾ 5, എൻജിനിയറിങ് ഡിപ്ലോമ കോളേജ് -1, ഡിഗ്രി കോളേജ് 2 എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി ഒമ്പതിനായിരത്തിലധികം വിദ്യാർഥികൾക്ക് ഉത്തരവ് ബാധകമാകും.