കോഴിക്കോട് > ആർഎസ്എസ് ചടങ്ങിൽ അതിഥിയായി പങ്കെടുത്തത് മുസ്ലീംലീഗ് നിലപാടാണെന്ന് കെ എൻഎ ഖാദർ. സംഘപരിവാർസംഘടനകളുടെ മുഖ പ്രസിദ്ധീകരണമായ കേസരി കഴിഞ്ഞ ദിവസം കോഴിക്കോട്ട് സംഘടിപ്പിച്ച ചടങ്ങിൽപങ്കെടുത്തതിനെ വിമർശിച്ച് ലീഗ് നേതാക്കളും അണികളും രംഗത്തെത്തിയതിന് പിന്നാലെയാണ് സാമൂഹ്യമാധ്യമങ്ങളിൽ ഖാദർ പ്രതികരിച്ചത്. രണ്ടര മിനുട്ട് വീഡിയോയിൽ ആർഎസ്എസിനെ വെള്ളപൂശാനും ശ്രമമുണ്ട്.
കേരളത്തിൽ ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരകരായ ‘കേസരി’ യുടെ പരിപാടി സാംസ്കാരിക ചടങ്ങായാണ് ഖാദർ വിശേഷിപ്പിക്കുന്നത്. ‘‘ആദരണീയനായ നമ്മുടെ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ എല്ലാ ജില്ലകളിലും നടത്തിവരുന്ന സൗഹാർദ സദസ് നമ്മൾ കണ്ടതാണ്. സന്യാസിമാരും മഹർഷിമാരും ക്രിസ്ത്യാനികളും ബിഷപ്പുമാരും പാതിരിമാരും ഒക്കെ പങ്കെടുപ്പിച്ച് വലിയ സൗഹൃദസമ്മേളനങ്ങൾ നടത്തി. അത് വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അങ്ങനെയുള്ള സൗഹൃദസമ്മേളനങ്ങൾ നമ്മൾ നടത്തുമ്പോൾ അവർ വിളിച്ചാൽ നമ്മളും പോവേണ്ടതല്ലേ. ശുദ്ധമനസുള്ളതുകൊണ്ട് മാത്രം ഞാൻ പോയതാണ്.
അത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല’’- ഖാദർ പറയുന്നു. ആർഎസ്എസ് ചടങ്ങിൽ പങ്കെടുത്തതിനേക്കാൾ അപകടകരമാണ് ഖാദറിന്റെ വിശദീകരണമെന്നാണ് നേതൃത്വത്തിൽ ഒരു വിഭാഗത്തിന്റെ വികാരം. ആർഎസ്എസിനെ ഹിന്ദുമതത്തിന്റെ വ്യക്താക്കളായി അവതരിപ്പിക്കുകയും അവരുടെ വർഗീയ അജണ്ടയെ മറച്ചുപിടിക്കുന്നതുമാണ് നിലപാടെന്ന് ഇവർ ആരോപിക്കുന്നു. ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ എൻ എ ഖാദറിന് വോട്ടുചെയ്യണമെന്ന് ബിജെപി ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഉപകാരസ്മരണയാണ് ഖാദറിനെന്നാണ് സമൂഹമാധ്യമങ്ങളിൽ അണികളുടെ പ്രതികരണം. ഖാദറിൽ നിന്ന് പാർടി വിശദീകരണം തേടിയതായി കുഞ്ഞാലിക്കുട്ടിയും എം കെ മുനീറും പ്രതികരിച്ചു.
‘മതേതര കേരളത്തിന്റെ മനസുതൊടാൻ’ എന്ന സന്ദേശവുമായി ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളുടെ നേതൃത്വത്തിലുള്ള ജില്ലാസംഗമങ്ങളുടെ സമാപനം വ്യാഴാഴ്ച കോഴിക്കോട്ട് നടക്കാനിരിക്കെയാണ് ഖാദർ ലീഗ് നേതൃത്വത്തെ വെട്ടിലാക്കിയത്. പ്രവാചകനിന്ദക്കെതിരെയും ആർഎസ്എസിന്റെ ബുൾഡോസർ രാഷ്ടീയത്തിനെതിരെയും അഗ്നിപഥിനെതിരെയും പ്രക്ഷോഭം സംഘടിപ്പിച്ചുവരുന്ന സാഹചര്യത്തിലാണ് ലീഗ് ഉന്നതാധികാര സമിതിയുടെ അനുമതിയില്ലാതെ ഖാദർ പരിപാടിയിൽ പങ്കെടുത്തത്.