കൊച്ചി> യൂത്ത് കോണ്‍ഗ്രസുകാര്‍ വിമാനത്തില്‍ മുഖ്യമന്ത്രിയെ അക്രമിക്കാന്‍ പദ്ധതിയിട്ടതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസിലെ ഫര്സീന് മജീദ്, ആര് കെ നവീന്‍, സുജിത് നാരായണന് എന്നിവരുടെ ജാമ്യാപേക്ഷകളെ എതിര്‍ത്താണ് പ്രോസിക്യൂഷന് നിലപാടറിയിച്ചത്.ജസ്റ്റിസ് വിജു എബ്രഹാമാണ് കേസ് പരിഗണിച്ചത്.
വിമാനം ഇറങ്ങുന്നതിന് മുമ്പ് മൂന്നു പേരും മുഖ്യമന്ത്രിയെ നിരീക്ഷിച്ചിരുന്നതായിമൊഴിയുണ്ട്. പ്രതികള്‍ ആക്രോശിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ അടുത്തേക്ക് നീങ്ങിയതായി സ്ഥിരീകരിക്കുന്ന മൊഴിയും ഡിജിറ്റല്‍ രേഖകളുമുണ്ട്.ആക്രമണത്തില്‍ സുരക്ഷാ ജീവനക്കാരന് പരുക്കേറ്റു.മൂന്നുപേരും ഒരുമിച്ചാണ് ടിക്കറ്റെടുത്തത് .ഇവര്‍ പരസ്പരം ആശയവിനിമയം
നടത്തി.ഇത് ഗൂഢാലോചനയുടെ ഭാഗമായിരുന്നു.
പ്രതികള്‍ക്കെതിരെ കേസുകള്‍ ഉണ്ടെന്നും കസ്റ്റഡിയില്‍ വേണമെന്നും ഡിജിപി ആവശ്യപ്പെട്ടു.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇല്ലെന്ന് പ്രോസിക്യൂഷന് അറിയിച്ചു.സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയില്ലെ എന്നും പ്രോസിക്യൂഷന് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കാണുന്നുണ്ടല്ലോ എന്നും കോടതി ചൂണ്ടിക്കാണിച്ചപ്പോഴാണ് ദൃശ്യങ്ങള്‍ ഇല്ലെന്ന് പ്രോസിക്യൂഷന് വിശദീകരിച്ചത്. ചെറിയ വിമാനമായതിനാല്‍ ദൃശ്യങ്ങള്‍ ഇല്ലെന്ന് ഡി ജി പി വിശദീകരിച്ചു.
വിമാനത്തില്‍ സിസിടിവി വേണമെന്ന് നിബന്ധനയുണ്ടെന്നും ദൃശ്യങ്ങള്‍ മാറ്റിയതായിരിക്കാമെന്നും മൂന്നാം പ്രതി സുജിത് നാരായണന് വാദിച്ചു.കേസ് നിലനില്‍ക്കില്ലെന്നും മുഖ്യമന്ത്രിയെ ആക്രമിച്ചിട്ടില്ലെന്നും ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും.
യുവാക്കളെ ആക്രമിച്ച ഇ പി ജയരാജനെതിരെ കേസെടുത്തിട്ടില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും പ്രതിഭാഗം വ്യക്തമാക്കി. ടെലിവിഷനില്‍ വന്ന ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചു. ജാമ്യാപേക്ഷകള്‍ വിധി പറയാനായി മാറ്റി.