തിരുവനന്തപുരം> എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള പുനരധിവാസ ഗ്രാമം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. കാസർഗോഡ് എൻഡോസൾഫാൻ സെൽ യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഡിഫറൻസ് ആർട്ട്സ് സെന്ററിന്റെ മാതൃകയിൽ ലോക നിലവാരത്തിൽ മുളിയാർ പുനരധിവാസ ഗ്രാമത്തിൽ സംവിധാനം ഏർപ്പെടുത്തും. ഇതിനായി മജീഷ്യൻ ഗോപിനാഥ് മുതുകാടുമായി ചർച്ച നടത്തി. അദ്ദേഹം സഹകരിക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുളിയാറിൽ അനുവദിച്ച 25 ഏക്കർ ഭൂമിയിൽ പുനരധിവാസ ഗ്രാമം യാഥാർത്ഥ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
സുപ്രീം കോടതി ഉത്തരവ് പ്രകാരം ദുരിത ബാധിതർക്കുള്ള ധനസഹായ വിതരണം വളരെ വേഗം പൂർത്തിയാക്കും. ജൂലൈ അവസാനത്തോടെ ഭൂരിഭാഗം ദുരിത ബാധിതർക്കും സഹായം എത്തിക്കും. എൻഡോസൾഫാൻ ദുരിത ബാധിത പട്ടികയിലുൾപ്പെട്ട ഒരു രോഗിയുടെ വീട്ടിൽ അതേ രോഗാവസ്ഥയിലുള്ള മറ്റൊരാൾ കൂടി ഉണ്ടെങ്കിൽ ആ രോഗിക്ക് കൂടി സൗജന്യ ചികിത്സ ലഭ്യമാക്കും. ഇതിന് ആവശ്യമായ പരിശോധന നടത്താൻ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. എൻമകജെ, പുല്ലൂർ വില്ലേജുകളിൽ സാഫല്യം പദ്ധതി പ്രകാരം സായി ട്രസ്റ്റ് നിർമ്മിച്ച വീടുകളിൽ അവശേഷിക്കുന്ന 10 വീടുകൾ ജൂൺ 24 ന് നറുക്കെടുപ്പിലൂടെ ദുരിത ബാധിതർക്ക് അനുവദിക്കും. വീട് ആവശ്യമുള്ളവരുടെ വെയിറ്റിംഗ് ലിസ്റ്റും തയ്യാറാക്കും. വീടുകളിൽ വൈദ്യുതിയും റോഡ് സൗകര്യവും ഉടൻ ഏർപ്പെടുത്താനും യോഗം തീരുമാനിച്ചു.
എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആറു പേർ നൽകിയ അപേക്ഷ അംഗീകരിച്ച് അവരെ പട്ടികയിൽ നിന്നൊഴിവാക്കാനും യോഗം തീരുമാനിച്ചു. വ്യക്തിപരമായ പരാതികളിൽ പരിശോധിച്ച് നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടറെ യോഗം ചുമതലപ്പെടുത്തി. ബഡ്സ് സ്കൂളുകളുടെ പ്രവർത്തനം കൂടുതൽ ഫല പ്രദമാക്കുന്നതിനായി എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നിർമിച്ച ബഡ്സ് സ്കൂളുകൾ സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
എൻഡോസൾഫാൻ സെൽ യോഗത്തിൽ സെൽ ചെയർമാൻ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം എൽ എ മാരായ എം രാജഗോപാലൻ, ഇ ചന്ദ്രശേഖരൻ, സി എച്ച് കുഞ്ഞമ്പു, എൻ എ നെല്ലിക്കുന്ന്, എ കെ എം അഷറഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ, ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, സെൽ ഡപ്യൂട്ടി കളക്ടർ എസ് ശശിധരൻ പിള്ള, സബ് കളക്ടർ ഡി ആർ മേഘശ്രീ, മുൻ എം പി പി കരുണാകരൻ, മുൻ എം എൽ എ കെ പി കുഞ്ഞികണ്ണൻ, സെൽ അംഗങ്ങളായ തദ്ദേശ സ്വയം ഭരണ അധ്യക്ഷന്മാർ, ജില്ലാതല ഉദ്യോഗസ്ഥർ, എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു