ബൊഗോട്ട
ഇരുന്നൂറ്റി പന്ത്രണ്ട് വർഷത്തെ മധ്യ, വലതുപക്ഷ ഭരണത്തിന് അറുതികുറിച്ച് കൊളംബിയ ഹൃദയപക്ഷത്തേക്ക്. അറുപത്തിരണ്ടുകാരനായ ഗുസ്താവോ പെത്രോ സ്വതന്ത്ര കൊളംബിയയുടെ ചരിത്രത്തിലെ ആദ്യത്തെ ഇടതുപക്ഷക്കാരനായ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച രണ്ടാംവട്ട വോട്ടെടുപ്പിന്റെ 89.35 ശതമാനം വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മുൻ ഗറില്ലാ നേതാവ് കൂടിയായ പെത്രോ 10,75,836 വോട്ടുനേടി.- ആകെ പോൾ ചെയ്തതിന്റെ 50.88 ശതമാനവും നേടിയാണ് ഇടതുപക്ഷ സഖ്യമായ ഹിസ്റ്റോറിക്കൽ പാക്ട് ചരിത്രം തിരുത്തിയത്. ആഗസ്ത് ഏഴിന് അധികാരമേൽക്കും.
അഴിമതിക്കേസില്‍ പ്രതിയായ കോടീശ്വരനും അഴിമതിവിരുദ്ധപ്രസ്ഥാന നേതാവുമായ റുഡോള്‍ഫ് ഹെർണാണ്ടസിനെയാണ് തോല്‍പ്പിച്ചത്. റുഡോള്‍ഫ് 46.85 ശതമാനം വോട്ടുനേടി. ആകെ 3.9 കോടി വോട്ടർമാരിൽ 2.16 കോടിപ്പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. ഏതാനും ദിവസത്തിനുള്ളിൽ പെത്രോയുടെ ഔദ്യോഗിക വിജയപ്രഖ്യാപനമുണ്ടാകും. മെയ് 29ന് ആദ്യവട്ട വോട്ടെടുപ്പില്‍ പെത്രോ 40 ശതമാനം വോട്ടുനേടി ഒന്നാമതെത്തി. രാഷ്ട്രീയ വേട്ടയാടലുകളില്ലാത്ത, എല്ലാവരെയും ഉൾച്ചേർത്തുള്ള ഭരണമാകും കാഴ്ചവയ്ക്കുകയെന്ന് പെത്രോ വിജയപ്രസംഗത്തിൽ പറഞ്ഞു. സൈനിക പിന്തുണയോടെ കൊളംബിയന്‍ സമ്പന്നവിഭാഗം നൂറ്റാണ്ടുകളായി കൈവശംവച്ച രാജ്യാധികാരമാണ് തൊഴിലാളിവര്‍ഗത്തിന്റെ കൈകളിലേക്ക് എത്തുന്നത്. അമേരിക്കന്‍ സാമ്രാജ്യം തകര്‍ത്ത രാജ്യത്ത് സാമ്പത്തിക അസമത്വം ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പെത്രോ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ഏറെ പ്രചരിപ്പിക്കപ്പെട്ട രാജ്യത്തിന്റെ ‘ഇടതുപക്ഷ വിരുദ്ധത’ ഇല്ലാതാക്കിയതിനു പുറമേ, രാജ്യത്തിന് ആദ്യമായി കറുത്തവംശജയായ വൈസ്പ്രസിഡന്റിനെക്കൂടി സമ്മാനിച്ച് പുതുചരിത്രം രചിച്ചിരിക്കുകയാണ് ഇടതുപക്ഷ സഖ്യം. തെരഞ്ഞെടുപ്പിൽ പെത്രോയുടെ വലംകെെയായിരുന്ന ഫ്രാൻസിയ മാർക്വേസാണ് (40) പുതിയ വൈസ് പ്രസിഡന്റ്. അഭിഭാഷകയും പരിസ്ഥിതി പ്രവർത്തകയുമായ ഇവർ അനധികൃത ഖനനത്തിനെതിരെ നടത്തിയ പോരാട്ടങ്ങൾ കോളിളക്കം സൃഷ്ടിച്ചിരുന്നു.
ഇടതുപക്ഷ വിജയത്തിൽ കൊളംബിയൻ തെരുവുകൾ ആഘോഷക്കടലായി. സമീപകാലത്ത് ലാറ്റിനമേരിക്കൻ രാഷ്ട്രങ്ങളിൽ ദൃശ്യമാകുന്ന ഇടതുപക്ഷക്കുതിപ്പിന്റെ ഏറ്റവും പുതിയ അധ്യായമാണ് കൊളംബിയൻ ജനത എഴുതിച്ചേർത്തത്. 2021ൽ ചിലി, പെറു, ഹോണ്ടുറാസ് എന്നീ രാജ്യങ്ങൾ ഇടതുപക്ഷ പ്രസിഡന്റുമാരെ തെരഞ്ഞെടുത്തു. ബ്രസീലിൽ ഈവർഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റുകൂടിയായ വർക്കേഴ്സ് പാർടി സ്ഥാനാർഥി ലുല ഡി സിൽവയ്ക്കാകും മുൻതൂക്കമെന്നാണ് പ്രവചനം.