തിരുവനന്തപുരം> തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി മരിച്ച സംഭവത്തില്‍ ന്യൂറോളജിയിലേയും നെഫ്രോളജി വിഭാഗത്തിലെയും ചുമതല വഹിക്കുന്ന ഡോക്ടര്‍മാര്‍ക്ക് സസ്പെന്ഷന്. അന്വേഷണത്തിന് ശേഷമാണ് നടപടിയെന്നും സമഗ്രമായി അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ഏകോപനത്തില്‍ വീഴ്ച ഉണ്ടായോ എന്നും ഡോക്ടര്‍മാര്‍ അല്ലാത്തവര്‍ കിഡ്നി ബോക്സ് എടുത്തതും പരിശോധിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി നടത്തിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി വിശദീകരിച്ചു.
രോഗിക്ക് കിഡ്നി മാച്ച് ആയത് 2.45 നാണ്. 5.30 ന് ആംബുലന്‍സ് എത്തി. ആംബുലന്‍സ് എത്തിയ ശേഷം പുറത്തുനിന്നുള്ള ആളുകളാണ് കിഡ്നി അടങ്ങിയ പെട്ടി എടുത്തത്. ഇതില്‍ പരാതി ഉണ്ട്. ഇവര്‍ ഡോക്ടര്‍മാര്‍ അല്ലായിരുന്നുവെന്നതാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. മരണ കാരണം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം അറിയുമെന്നും മന്ത്രി അറിയിച്ചു.