തിരുവനന്തപരം> ലോക കേരളസഭ ബഹിഷ്കരിച്ച പ്രതിപക്ഷ നിലപാട് അപഹാസ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.ഏത് തരം ജനാധിപത്യ ബോധമാണ് പ്രതിപക്ഷത്തിനുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചു.യുഡിഎഫിന് വിശാല മനസാണെന്ന് ഒരു നേതാവ് പറയുന്നു. മറ്റൊരു നേതാവ് വിശാല മനസ് അല്ലെന്ന് പറയുന്നു. എംപി മാരുടെ പരിപാടിയില്‍ ആവാം, നിയമസഭയില്‍ ആവാം, പൊതുപരിപാടിയില്‍ ആവാം, പക്ഷേ നിങ്ങളുടെ പരിപാടിയില്‍ വരരുത് എന്നത് ശരിയാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
നന്മയുള്ളവര് ഇതിനോട് സഹകരിക്കുകയാണ് വേണ്ടത്. പ്രവാസികളെ ബഹിഷ്കരിക്കുന്നവര്‍ കണ്ണില്‍ ചോര ഇല്ലാത്തവരാണെന്നും യൂസഫലിയെ അധിക്ഷേപിച്ചത് ശ്രദ്ധയില്‍ ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ക്ഷേമ സമൂഹവും വികസിത നാടും സാധ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭ മൂന്നാം സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അര്‍ഹമായ രൂപത്തില്‍ പരിഗണിക്കപ്പെടാതിരുന്ന പ്രവാസി സമൂഹം ഇന്ന് അംഗീകരിക്കപ്പെട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രവാസികളെപ്പറ്റി വലിയ കരുതലാണുള്ളത്. പ്രവാസികള്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ ഗൗരവമായി പരിഗണിക്കും.ഉയര്‍ന്ന് വന്ന നിര്‍ദ്ദേശങ്ങള്‍ കേന്ദ്രവുമായി ആലോചിച്ച് നടപ്പിലാക്കും. സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. പ്രവാസികളും നമ്മുടെ നാടും തമ്മില്‍ ഇനി കടലുകളുടെ വിടവ് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.