തിരുവനന്തപുരം > പ്രവാസികളുടെ യാത്രാപ്രശ്നം ഗൗരവത്തോടെ പരിഗണിക്കണമെന്നും കണ്ണൂരിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ വിമാന സർവീസ് വേണമെന്നും ആവശ്യം. ലോക കേരള സഭയുടെ ഭാഗമായി നടന്ന പശ്ചിമേഷ്യൻ രാജ്യങ്ങളിലെ പ്രവാസികളുടെ മേഖലാതല ചർച്ചയിലാണ് ആവശ്യമുയർന്നത്. എയർകേരള കമ്പനിയെക്കുറിച്ച് പുനരാലോചിക്കണം. വിമാനക്കമ്പനികളുമായി ചർച്ച നടത്തി കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാക്കാൻ നടപടിയുണ്ടാകണം. കരിപ്പൂർ വിമാനത്താവളം കൂടുതൽ വികസിപ്പിക്കണം.
വിദേശത്ത് മരിച്ചാൽ, മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദേശത്തുള്ളവരുടെ കുട്ടികൾക്ക് പ്രത്യേക പരിശീലനകേന്ദ്രം സ്ഥാപിക്കണം. കേരളത്തിൽ ബിടെക് ബിരുദമാണ് നൽകുന്നത്. എന്നാൽ, യുഎഇ അംഗീകരിക്കുന്നത് ബിഇ ബിരുദമാണ്. ഇതിന് അടിയന്തര പരിഹാരം കാണണമെന്നും ചർച്ചയിൽ ആവശ്യമുയർന്നു.
മന്ത്രിമാരായ പി രാജീവ്, പി എ മുഹമ്മദ് റിയാസ്, കെ രാജൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജോൺബ്രിട്ടാസ് എംപി, എംഎൽഎമാരായ ടി പി രാമകൃഷ്ണൻ, തോമസ് കെ തോമസ്, ഇ കെ വിജയൻ, കെ പി കുഞ്ഞഹമ്മദ് കുട്ടി എന്നിവർ പങ്കെടുത്തു. 45 പ്രതിനിധികൾ സംസാരിച്ചു. 73 പേർ നിർദേശങ്ങൾ എഴുതി നൽകി.