കൊച്ചി
സ്ഫടിക ഭരണികളിൽ നിറയെ ചോക്ലേറ്റുകളുടെ രുചിഭേദങ്ങളുമായി കാത്തിരിക്കുകയാണ് ഒരമ്മയും കുഞ്ഞുമകളും. കലൂർ ജവാഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിലെ വ്യാപാർ 2022 വാണിജ്യമേളയിൽ 198–-ാംനമ്പർ സ്റ്റാളിലാണ് ഇവർ മധുരം നൽകി സന്ദർശകരെ വരവേൽക്കുന്നത്.
സംസ്ഥാന വ്യവസായ വാണിജ്യവകുപ്പ് എംഎസ്എംഇ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ സംഘടിപ്പിച്ച മേളയിലേക്ക് പുതിയ സംരംഭക കേരളത്തിന്റെ സാക്ഷ്യമായാണ് ചാലക്കുടിയിൽനിന്ന് മിന്ന്യം ബ്രാൻഡിൽ മുപ്പതുതരം പ്രീമിയം ചോക്ലേറ്റുമായി വന്ദന ജുബിൻ എന്ന ഈ സംരംഭകയും മകൾ രണ്ടാംക്ലാസുകാരി ആഹന ജുബിനും എത്തിയിരിക്കുന്നത്. മകളുടെ ജന്മദിനത്തിന് സ്വന്തമായി ചോക്ലേറ്റ് ഉണ്ടാക്കി സംരംഭത്തിലേക്ക് കടന്ന ഒരു സാധാരണ വീട്ടമ്മയാണ് വന്ദന.
“”ബിസിനസിൽ മുൻപരിചയമൊന്നും ഇല്ലെങ്കിലും സംരംഭം തുടങ്ങാൻ എനിക്ക് ഒരു ബുദ്ധിമുട്ടുമുണ്ടായില്ല. എല്ലാം ഒറ്റയ്ക്കാണ് ചെയ്തത്. വ്യവസായ കേന്ദ്രം ഉദ്യോഗസ്ഥർ വലിയ പിന്തുണയാണ് തന്നത്. എന്നെപ്പോലുള്ളവർക്ക് വലിയ സഹായമാണ് ഇത്തരം മേളകൾ. മേളയിൽ വന്നപ്പോൾ കെഎസ്ഐഡിസിയുടെ ധനസഹായ വാഗ്ദാനവും കിട്ടി”–- വന്ദന പറഞ്ഞു. മിന്ന്യം ചോക്ലേറ്റിന് ഇപ്പോൾ കേരളത്തിന് പുറത്തും വിപണിയുണ്ട്. കോയമ്പത്തൂരിലെയും ബംഗളൂരുവിലെയും രാജസ്ഥാനിലെയും ചില ബ്രാൻഡുകൾക്കായി ചോക്ലേറ്റ് നൽകുന്നുമുണ്ട്. ഓൺലൈനിൽ കൂടുതൽ മറുനാടൻ വിപണി കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ഈ സംരംഭക.
സ്വന്തം ബ്രാന്‍ഡിനെ ഇത്രയും ആളുകള്‍ക്കുമുമ്പില്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടുന്നത് വലിയ കാര്യമാണെന്നും മേളയിലൂടെ നിരവധി പുതിയ ഉപയോക്താക്കളെ കിട്ടിയെന്നും തൃശൂര്‍ അറണാട്ടുകരയില്നിന്ന് ഏക ഡിസൈന്‍ ബ്രാന്‍ഡുമായി എത്തിയ കാര്‍ത്തിക പ്രമോദ് പറഞ്ഞു. കേരളത്തിന് പുറത്തായിരുന്ന മൂന്ന് സ്ത്രീകള്‍ കേരളത്തില്‍ തുടങ്ങിയ കൂട്ടുസംരംഭമായ ഹെറി ടേസ്റ്റ് പറയുന്നതും കേരളത്തിലെ മാറിയ വ്യവസായ അന്തരീക്ഷത്തെക്കുറിച്ചാണ്. കോയമ്പത്തൂരിലുള്ള ഒരു യൂണിറ്റ് കാക്കനാട്ടേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണെന്നും സര്‍ക്കാര്‍ നല്കുന്ന പിന്തുണയാണ് സ്ത്രീസംരംഭകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതെന്നും ഹെറി ടേസ്റ്റിന്റെ സഹസ്ഥാപക കെ എസ് വിദ്യ പറഞ്ഞു.