ആംസ്റ്റെല്വീന്> നെതര്‍ലാന്റിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കണ്ടെത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 50 ഓവറില്‍ 498 റണ്‍സെടുത്തു. ഏകദിനത്തില്‍ ഏതെങ്കിലും ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്.
ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് തന്നെ നേടിയ 481-6 എന്ന റെക്കോര്‍ഡാണ് തിരുത്തിക്കുറിച്ചത്. ഇംഗ്ലണ്ടിനായി മൂന്ന് ബാറ്റര്‍മാര്‍ സെഞ്ചുറി നേടി.ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഫില്‍ സാള്‍ട്ട്(122), ഡേവിഡ് മലാന്(125), ജോസ് ബട്ട്ലര്‍(162), ലിയാം ലിവിങ്ങ്സ്റ്റണ്(66) എന്നിവരുടെ മികവിലാണ് കൂറ്റന്‍ സ്കോര്‍ നേടിയത്.ബട്ട്ലര്‍ 70 പന്തിലാണ് 162 റണ്‍സ് നേടിയത്.
65 പന്തില്‍ 150 റണ്‍സ് നേടിയ ബട്ട്ലര്‍ വേഗത്തില്‍ ഈ സ്കോറിലെത്തുന്ന രണ്ടാമത്തെ ഇംഗ്ലീഷ് താരമാണ്. 47 പന്തിലാണ് ബട്ട്ലര്‍ സെഞ്ചുറി നേടിയത്. ഓപ്പണര്‍ ജാസണ്‍ റോയ്(1) പുറത്തായ ശേഷം ക്രീസിലെത്തിയ ഡേവിഡ് മലാനോത്ത് ഫില്‍ സാള്‍ട്ട് ഡച്ച് ബൗളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു. 109 പന്തില്‍ 125 റണ്‍സെടുത്ത മലാന് ബട്ടലര്‍ക്ക് ശേഷം ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന താരമായി.
93 പന്തില്‍ 122 റണ്‍സെടുത്ത ഫില്‍ സാള്‍ട്ട് പുറത്തായ ശേഷം ക്രീസിലെത്തിയ ജോസ് ബട്ട്ലര്‍ നെതര്‍ലാന്റ് ബൗളര്‍മാരെ നിലം തൊടീച്ചില്ല. 14 സിക്സുകള്‍ നേടിയ ബട്ടിലര് ഏഴ് ഫോറും നേടി. മലാന് പുറത്തായ ശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ മോര്ഗന് ആദ്യ പന്തി്ല്‍ തന്നെ റണ്‍സെടുക്കാതെ പുറത്തായി. പിന്നാലെ വന്ന ലിവിങ്ങ്സ്റ്റണ് ആറ് സിക്സും ആറ് ഫോറും നേടി മിന്നല്‍ വേഗത്തില്‍ 66 റണ്‍സെടുത്തു. 17 പന്തില്‍ 50 റണ്‍സെടുത്ത ലിവിങ്ങ്സ്റ്റന്‍ വേഗത്തില്‍ അര്‍ദ്ധ സെഞ്ചുറി നേടുന്ന ഇംഗ്ലീഷ് താരമായി.