ന്യൂഡല്‍ഹി> ഇന്ത്യന്‍ സൈന്യത്തിലേക്ക് ബിജെപി സര്‍ക്കാര്‍ പ്രഖ്യാപിച്ച താല്‍ക്കാലിക നിയമന പദ്ധതിയായ അഗ്നിപഥ് രാജ്യതാല്പര്യത്തിന് വിരുദ്ധമായ ഒന്നാണെന്ന് വി ശിവദാസന്‍ എംപി.രാജ്യമെങ്ങും വ്യാപകമായ യുവജനപ്രതിഷേധത്തിന് ഈ തീരുമാനം വഴിവെച്ചിരിക്കുകയാണ്. വര്‍ഷങ്ങളായി ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിച്ചു പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന യുവതയെ അപഹസിക്കുന്ന നിലപാടാണ് യൂണിയന് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടെയുള്ള പാവപ്പെട്ട കുടുംബങ്ങളില്‍ നിന്ന്, സ്ഥിരമായ ഒരു ഉപജീവനമാര്ഗത്തിന്റെ സുരക്ഷിതത്വം നേടാന്‍, വര്‍ഷങ്ങളായി പരിശീലിക്കുന്ന യുവജനതയെയാണ് ഈ പദ്ധതി ഏറ്റവും ദോഷകരമായി ബാധിക്കുക- ശിവദാസന്‍ പറഞ്ഞു
രാജ്യസഭയില്‍ താന്‍ ഉന്നയിച്ച ചോദ്യത്തിന് ഇന്ത്യന്‍ സൈന്യത്തില്‍ 1.27 ലക്ഷം ഒഴിവുകള്‍ ഉണ്ടെന്നു യൂണിയന് സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നു. എന്നാല്‍ ആ ഒഴിവുകള്‍ സമയബന്ധിതമായി നികത്തുന്നതിന് പകരം, കരാര്‍ നിയമനങ്ങള്‍ നടത്തി ചെലവ് ചുരുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം യുവജനങ്ങളില്‍ വലിയ നിരാശയും പ്രതിഷേധവും ഉണ്ടാക്കിയിട്ടുണ്ട്.
ഇന്ത്യ ഇപ്പോള്‍ കടന്നുപൊയ്കൊണ്ടിരിക്കുന്ന വലിയ തൊഴിലില്ലായ്മപ്രശ്നം കൂടുതല്‍ രൂക്ഷമാക്കാനേ ഈ നീക്കം ഉപകരിക്കൂ.കരാര്‍ നിയമനത്തില്‍ താല്‍ക്കാലിക സൈനികരാവുന്ന ഈ ചെറുപ്പക്കാര്‍, 21 വയസ്സാവുമ്പോള്‍ സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ ഭാവി ജീവിതം അവരുടെ മുന്നില്‍ ചോദ്യച്ചിഹ്നമായി നില്‍ക്കുകയാണുണ്ടാവുക.
സാധാരണ സൈനികര്‍ക്ക് ലഭിക്കുന്ന യാതൊരുവിധ ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കില്ല. ‘അഗ്നിവീര്‍’ എന്ന പേര് മാത്രമാണ് അവര്‍ക്ക് കിട്ടുന്നത്. ഇന്ത്യയുടെ സുരക്ഷിതത്വത്തിനു തന്നെ ഈ പദ്ധതി ദോഷകരമാണ്. ഇത്തരം താല്‍ക്കാലിക പൊടിക്കൈകള്‍ വഴി പണം ലാഭിക്കാന്‍ ശ്രമിക്കുന്നതിനു ഭാവിയില്‍ വലിയ വിലയാണ് നല്‍കേണ്ടി വരുക. രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്നതാണ് ഈ നീക്കമെന്നു ദീര്‍ഘകാലം സൈന്യസേവനം നടത്തി വിരമിച്ച ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.
പുരാതന കാലത്തെപ്പോലെ സൈനികരെ കൂലിപ്പടയാളികളാക്കി മാറ്റുകയാണ് ഇത് വഴി ഉണ്ടാവുക എന്നാണ് അവരുടെ അഭിപ്രായം.
ആര്‍മിയുടെ കാര്യക്ഷമതയെയും സംഘാടനമികവിനെയും ഈ പദ്ധതി ദോഷകരമായി ബാധിക്കും. ജനാധിപത്യ സര്‍ക്കാരുകള്‍ക്ക് പൂര്‍ണമായും വഴങ്ങി പ്രൊഫഷണലിസം കാത്തു സൂക്ഷിച്ച പ്രൗഢമായ പാരമ്പര്യമാണ് ഇന്ത്യന്‍ സൈന്യത്തിനുള്ളത്. സൈനികര്‍ക്കു രാജ്യം നല്കിയ ആദരവും ജീവിതസുരക്ഷിതത്വവും ഈ പ്രൗഢമായ പാരമ്പര്യം സൃഷ്ടിക്കുന്നതില്‍ സഹായിച്ചിട്ടുണ്ട്. അതിനും തുരങ്കംവയ്ക്കുകയാണ് ഈ പദ്ധതി വഴി ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്.
‘അഗ്നിവീര്‍’ ‘നു ശേഷം ‘ബാങ്ക് വീര്‍’ , ‘റയില്‍വീര്‍’ ഒക്കെ ആണ് വരാനിരിക്കുന്നത്. എല്ലാ മേഖലയിലും സ്ഥിരനിയമനം റദ്ദ് ചെയ്ത് കുത്തക കോര്‍പറേറ്റ് കുടുംബങ്ങള്‍ക്ക് കൈമാറുക എന്നതാണ് ബിജെപി സര്‍ക്കാരിന്റെ നയം. എല്ലാ അര്‍ഥത്തിലും ദേശവിരുദ്ധമായ ഈ പദ്ധതി പിന്‍വലിക്കാന്‍ യൂണിയന് സര്‍ക്കാര്‍ തയ്യാറാകണം. ഒഴിവുള്ള തസ്തികകളില്‍ സമയബന്ധിതമായി സ്ഥിരംനിയമനം നടത്തണം എന്നാവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിങ്ങിന് ശിവദാസന്‍ എംപി
കത്ത് നല്കി.