കൂറ്റനാട്> ആനക്കര കൂടല്ലൂരില്‍ കണ്ടെത്തിയ ചെങ്കൽഗുഹയുടെ മുന്‍വശത്ത് ബുധനാഴ്ച നടത്തിയ ഖനനത്തിൽ മൂന്നാമത് അറകൂടി കണ്ടെത്തി. നേരത്തേ കണ്ടെത്തിയ രണ്ട് അറകളും ഇനിയും തുറന്നിട്ടില്ല. ചൊവ്വാഴ്ച ചെങ്കൽഗുഹയ്ക്ക് മുന്‍വശത്ത് നന്നങ്ങാടി കണ്ടെത്തിയിരുന്നു. ഇതിനുസമീപമാണ് ബുധനാഴ്ച ഖനനം നടന്നത്.
ഗുഹയിലേക്കുള്ള പ്രവേശന വഴിയിലെ മണ്ണ് മാറ്റിയപ്പോഴാണ് മൂന്ന് കല്‍പ്പാളികള്‍ കണ്ടെത്തിയത്. കവാടങ്ങളിലേക്ക് കടക്കുന്ന ഇടനാഴിക്ക് ത്രികോണാകൃതിയാണ്. അതിലേക്ക് ഇറങ്ങാൻ കല്‍പ്പടവുകളും ചെങ്കല്ലില്‍ത്തന്നെ വെട്ടിയുണ്ടാക്കിയിരിക്കുന്നു. പടിഞ്ഞാറുഭാഗത്തുള്ള കല്‍പ്പാളി തുറന്നാല്‍ മാത്രമേ അറയ്ക്കകത്ത് എന്തൊക്കെ ശേഷിപ്പുകളാണെന്ന് വ്യക്തമാകുകയുള്ളൂവെന്ന് ഗവേഷകര്‍ പറഞ്ഞു. ശരാശരി 60 സെന്റിമീറ്റര്‍ വീതിയും 80 സെന്റിമീറ്റര്‍ ഉയരവുമുണ്ട് കല്പ്പാളികള്ക്ക്. ഇടനാഴിയുടെ ആഴം 125 സെന്റിമീറ്ററാണ്.
മനോഹരമായ രീതിയില്‍ വെട്ടിയുണ്ടാക്കിയതാണ് ഇപ്പോള്‍ കണ്ട ഇടനാഴി. ഗുഹയുടെ പ്രധാനമുഖമാണ് കണ്ടെത്തിയത്. കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ചാര്‍ജ് ഓഫീസര്‍ കെ കൃഷ്ണരാജ്, വി എ വിമല്‍കുമാര്‍, കെ ബിനോജ് എന്നിവരുടെ നേതൃത്വത്തിലാണ് ഖനനം നടക്കുന്നത്.