തിരുവനന്തപുരം> സംസ്ഥാനത്ത് എസ്എസ്എൽസിക്ക് ഉന്നതപഠനത്തിന് യോഗ്യത നേടിയ മുഴുവൻ കുട്ടികൾക്കും തുടർപഠനത്തിന് അവസരം ഉറപ്പാക്കുമെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാർഥികൾക്കും പൊതുവിദ്യാലയങ്ങളിൽ തുടർപഠനത്തിന് അവസരമൊരുക്കും. കഴിഞ്ഞ വർഷം തമിഴ്നാട്, കർണാടകം തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ പഠിച്ച വിദ്യാർഥികൾക്കുപോലും ഇവിടെ പ്രവേശനം നൽകിയിരുന്നു.
ഈ വർഷം നിലവിൽ ഹയർ സെക്കഡറിയിൽ 3,61,000 സീറ്റുകളുണ്ട്. വൊക്കേഷണൽ ഹയർ സെക്കൻറി 33000, ഐടിഐ 64,000, പോളിടെക്നിക് 9000 എന്നിങ്ങനെ ആകെ 4, 67,000 സീറ്റുകളുണ്ട്. കൂടുതൽ സീറ്റുകൾ ആവശ്യമായി വന്നാൽ പ്രവേശനഘട്ടത്തിൽ പരിശോധിക്കും. പ്ലസ് വൺ പ്രവേശന നടപടികൾ ഒരാഴ്ചയ്ക്കകം ആരംഭിക്കും. ഗ്രേസ് മാർക്ക് ഈവർഷം മുതൽ പരിഗണിക്കും. സ്കൂൾ കലോത്സവങ്ങൾ നടത്തും ഇതിന്റെ തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പരീക്ഷ എഴുതിയ എല്ലാ വിദ്യാർഥികളെയും കൃത്യസമയം ഫലം പ്രഖ്യാപിക്കാൻ പ്രയത്നിച്ച അധ്യാപകരെയും ജീവനക്കാരെയും മന്ത്രി അനുമോദിച്ചു.