കോട്ടയം> കോട്ടയത്ത് നടുറോഡിൽ തമ്മിൽതല്ലി കോൺഗ്രസ് നേതാക്കൾ. വാഴൂരിൽ കോൺഗ്രസ് ജനറൽ സെക്രട്ടറിമാർ ചേരിതിരിഞ്ഞ് തമ്മിലടിച്ചപ്പോൾ നെടുംകുന്നത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടും, ഐഎൻടിയുസി ജില്ലാ സെക്രട്ടറിയും നടുറോഡിൽ തമ്മിൽ തല്ലി.
വാഴൂരിൽ ഡിസിസി പ്രസിഡന്റ് പങ്കെടുത്ത മണ്ഡലം കമ്മിറ്റിക്ക് ശേഷമാണ് കോൺഗ്രസ് നേതാക്കൾ തമ്മിലടിച്ചത്. ഡിസിസി ജനറൽ സെക്രട്ടറിമാരായ ടി കെ സുരേഷ് കുമാറും ഷിൻസ് പീറ്ററുമാണ് മണ്ഡലം കമ്മിറ്റിക്ക് ശേഷം ചേരിതിരിഞ്ഞ് തമ്മിലടിച്ചത്. കയ്യാങ്കളി രൂക്ഷമായതോടെ ഡിസിസി പ്രസിഡന്റ് സ്ഥലത്ത് നിന്ന് തടിയൂരി. കൊടുങ്ങൂരിൽ വാഴൂർ മണ്ഡലം കമ്മിറ്റി അവസാനിച്ച് വെളിയിൽ ഇറങ്ങിയപ്പോഴാണ് കോൺഗ്രസ് നേതാക്കൾ ചേരിതിരിഞ്ഞ് പരസ്യമായി തമ്മിലടിച്ചത്. സ്ഥലത്തുണ്ടായിരുന്ന ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് കയ്യാങ്കളി രൂക്ഷമായതോടെ അനുനയിപ്പിക്കാൻ ശ്രമിക്കാതെ സ്ഥലം കാലിയാക്കി.
മുൻ മണ്ഡലം പ്രസിഡന്റും വാഴൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ജോസ് കെ ചെറിയാനും കൂട്ടരും ടി കെ സുരേഷ് കുമാറിന്റെ പക്ഷവും നിലവിലെ മണ്ഡലം പ്രസിഡന്റ് എസ് എം സേതുരാജും യൂത്ത് കോൺഗ്രസ് നേതാക്കളും ഷിൻസ് പീറ്ററിന്റെ പക്ഷവും ചേർന്നായിരുന്നു തമ്മിൽ തല്ല്.കമ്മിറ്റി കഴിഞ്ഞിറങ്ങിയ വനിതകൾ തല്ലിനിടയിൽ നിന്ന് പരിക്കേൽക്കാതെ ഓടി രക്ഷപെടുകയായിരുന്നു. മുൻ ജില്ലാ പഞ്ചായത്തംഗവും കോൺഗ്രസിലെ പ്രമുഖ നേതാവുമാണ് ടി കെ സുരേഷ് കുമാർ.കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് പരിവർത്തിത ക്രൈസ്തവ ശുപാർശിത വികസന കോർപ്പറേഷൻ ചെയർമാനായിരുന്നു ഷിൻസ് പീറ്റർ.
കഴിഞ്ഞ കുറച്ച് കാലങ്ങളായി വാഴൂരിൽ കോൺഗ്രസിൽ ഗ്രൂപ്പ് പോര് സജീവമായിരുന്നു. ഇരു വിഭാഗങ്ങളായി തിരിഞ്ഞ് മുൻപ് പലതവണ കമ്മിറ്റികളിൽ പരസ്പരം പോരടിച്ച് കയ്യാങ്കളി ഉൾപ്പടെ നടന്നിട്ടുണ്ട്. ഈ സംഭവത്തോടെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള വൈരാഗ്യം മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. ചേരിപ്പോര് പൊതു മധ്യത്തിൽ തമ്മിൽ തല്ലായി മാറി.
അതേസമയം നെടുംകുന്നം ടൗണിൽ ഓട്ടോറിക്ഷാ സ്റ്റാൻഡിനു സമീപമാണ് കോൺഗ്രസുകാർ ഏറ്റുമുട്ടിയത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജോ പായിക്കാടനും, ഐഎൻടിയുസി ജില്ലാ സെക്രട്ടറിയും, സംസ്ഥാന കമ്മിറ്റിയംഗവുമായ ജിജി പോത്തനും തമ്മിലാണ് നടുറോഡിൽ ഏറ്റുമുട്ടിയത്. തിങ്കളാഴ്ച്ച വൈകുന്നേരം 6.15 ഓടെയാണ് സംഭവം നടന്നത്.
തിങ്കളാഴ്ച്ച വൈകിട്ട് നെടുംകുന്നം കോൺഗ്രസ് ഓഫീസിൽ യു ഡി എഫി ൻ്റെ യോഗം ചേർന്നിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ള വനിതാ ജനപ്രതിനിധികളും, മറ്റ് സ്ത്രീകളടക്കമുള്ള യു ഡി എഫ് പ്രവർത്തകരടക്കം പങ്കെടുത്ത ഈ യോഗത്തിൽ വച്ചുണ്ടായ തർക്കവും കേട്ടാൽ അറയ്ക്കുന്ന അസഭ്യവർഷവുമാണ് നെടുംകുന്നംകവലയിൽ ഏറ്റുമുട്ടലിൽ കലാശിച്ചത്. ഇരുവരും തമ്മിലുള്ള അടിപിടി ശക്തമായതോടെ നാട്ടുകാർ ഇടപെട്ട് ഇരുവരേയും പിടിച്ചു മാറ്റുകയായിരുന്നു.
അടിപിടിയേതുടർന്ന് ഇരുവരും പരസ്പ്പരം വസ്ത്രങ്ങൾ വലിച്ചു കിറുകയും ചെയ്തു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പു മുതൽ നെടുംകുന്നത്ത് കോൺഗ്രസ് രണ്ടു തട്ടിലായിരുന്നു. ഐഎൻടിയുസി നേതാവ് ജിജി പോത്തൻ്റെ നോമിനി യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച നെടുംകുന്നം പഞ്ചായത്ത് നാലാം വാർഡിൽ കോൺഗ്രസ് പ്രാദേശിക നേതൃത്വം പണം വാങ്ങി കോൺഗ്രസ് വോട്ടുകൾ മറിച്ച് ബി ജെ പി ക്കു നൽകുകയും 150 വോട്ടിന് മുകളിൽ ഭൂരിപക്ഷത്തിൽ കോൺഗ്രസ് വിജയിച്ചിരുന്ന പരമ്പരാഗത യു ഡി എഫ് വാർഡിൽ ഇക്കുറി ബി ജെ പി വിജയിക്കുകയും ചെയ്തു. ഇവിടെ യു ഡി എഫ് മുന്നാം സ്ഥാനത്തു പോകുകയും ചെയ്തതു മുതലാണ് ഇവിടെ ഇരു കുട്ടരും തമ്മിൽ തർക്കങ്ങൾ ആരംഭിച്ചതെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം പറയുന്നത്. സംഘർഷത്തിൽ രണ്ടു പേർക്കും നിസാര പരിക്കേറ്റു.