കൊച്ചി> സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുമായി ബന്ധപ്പെട്ട് ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചു. കന്റോൺമെന്റ് പൊലീസ് കേസെടുത്തേക്കുമെന്നും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. സ്വപ്നയുടെ മൊഴിയും വെളിപ്പെടുത്തലും സർക്കാരിനെതിരെ നടന്ന ഗൂഢാലോചനയാണെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പൊലീസിന് പരാതി നൽകിയെന്നും ഹർജിയിൽ പറഞ്ഞു.
രാഷ്ട്രീയതാൽപ്പര്യത്തിനായി ഗൂഢാലോചന നടത്തി തങ്ങളെ തന്ത്രപരമായി കുടുക്കിയതാണ്. സൗഹൃദപരമായി നടന്ന സംഭാഷണം റെക്കോഡ് ചെയ്ത് കൃത്രിമം നടത്തി പ്രചരിപ്പിക്കുകയായിരുന്നു. പൊലീസുമായി സഹകരിക്കാൻ തയ്യാറാണെന്നും ഹർജിയിൽ പറഞ്ഞു. ഹർജി ചൊവ്വാഴ്ച പരിഗണിച്ചേക്കും.