തിരുവനന്തപുരം> കേരളത്തിലെ മാധ്യമരംഗത്തെ ജനാധിപത്യ വിരുദ്ധമാക്കുന്നവർക്കെതിരെ പ്രതികരിക്കാൻ സാംസ്കാരിക പ്രവർത്തകരടക്കമുള്ളവർ തയ്യാറാകണമെന്ന് പുരോഗമന കലാസാഹിത്യ സംഘം. രണ്ടാമതും അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ ബിജെപി സർക്കാരിന്റെ കണ്ണിലെ കരടാണ്. ജനജീവിതം തകർക്കാനുള്ള പരിപാടികൾ കേന്ദ്രം ആവിഷ്കരിച്ചപ്പോൾ അതിനെതിരെ സംസ്ഥാന സർക്കാർ നിലപാടെടുത്തു. കേന്ദ്രഭരണത്തിനെതിരായ ശരിയായ ബദലായി കേരളം മാറി. രാജ്യത്തിന്റെ ഭാവി പ്രതീക്ഷയായി എൽഡിഎഫും മുഖ്യമന്ത്രി പിണറായി വിജയനും തിളങ്ങി. കേരളസർക്കാരിനെയും അതിന്റെ നായകനെയും എതിർത്തുതോൽപ്പിക്കാനുള്ള കരാർ ഒരു വിഭാഗം മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.
ഒന്നാം പിണറായി സർക്കാരിനെതിരെ കൊണ്ടുവന്ന കള്ളപ്രചരണങ്ങളും വ്യാജവാർത്തകളും കേരളം മറന്നിട്ടില്ല. അതിനുള്ള മറുപടിയാണ് കേരളം ഇടതുപക്ഷത്തിനു നൽകിയ ചരിത്രവിജയം. വലതുപക്ഷത്തെയും അവരെ നയിച്ച ഒരു വിഭാഗം മാധ്യമങ്ങളെയും വെല്ലുവിളിച്ചാണ് ജനം മുന്നോട്ട് പോയത്. അതേ നാടകങ്ങളുമായി മാധ്യമങ്ങൾ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. തീരാപ്പകയുമായി എല്ലാ മാന്യതയും കൈവെടിഞ്ഞ് കലിതുള്ളി അവർ അപഹാസ്യരാവുകയാണ്. കള്ളക്കടത്തു കേസിലെ പ്രതികൾ തമ്മിൽ ഗൂഡാലോചന നടത്തി വിളിച്ചു പറഞ്ഞ പച്ചക്കള്ളങ്ങൾ മേമ്പൊടി ചേർത്ത് വിളമ്പുകയാണ്.
മുഖ്യമന്ത്രിയെയും കുടുംബത്തെയും അപമാനിക്കാൻ ചില മാധ്യമങ്ങൾ മാനം വെടിഞ്ഞ് മുന്നിൽ നിന്നു. ജേർണലിസ്റ്റ് എന്നത് കേരളത്തിൽ മാന്യമല്ലാത്ത ഒരു വിശേഷണമാക്കാനാണ് അവരുടെ നീക്കം. മാധ്യമരംഗത്തെ ജീർണ സംസ്കാരത്തിലേക്കു നയിക്കുന്ന പ്രവണതയെ ചോദ്യം ചെയ്യാതിരിക്കാനാവില്ലെന്നും പ്രസിഡന്റ് ഷാജി എൻ കരുൺ, ജന. സെക്രട്ടറി അശോകൻ ചരുവിൽ എന്നിവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.