കണ്ണൂർ> മുഖ്യമന്ത്രിക്കെതിരെ യുഡിഎഫും ബിജെപിയും നടത്തുന്ന അക്രമസമരങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. യുഡിഎഫിന്റെയും ബിജെപിയുടെയും അക്രമ സമരത്തിനെതിരെ 15 വരെ 4000 കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനം സംഘടിപ്പിക്കും. തുടർന്ന് വിപുലമായ ജനകീയ പ്രതിഷേധ പരിപാടികൾ ജില്ലയിലെമ്പാടും സംഘടിപ്പിക്കും.
അപവാദപ്രചരണങ്ങളും പച്ചനുണകളുമാണ് യുഡിഎഫും ബിജെപിയും ചില മാധ്യമങ്ങളുടെ സഹായത്തോടെ നടത്തുന്നത്. മുഖ്യമന്ത്രിയുടെ കണ്ണൂർ പരിപാടി അലങ്കോലപ്പെടുത്താനാണ് കോൺഗ്രസും ലീഗും ബിജെപിയും പരിശ്രമിച്ചത്. നാടെമ്പാടും മുഖ്യമന്ത്രിയെ തടയുമെന്നായിരുന്നു അവർ പ്രഖ്യാപിച്ചത്. വിരലിലെണ്ണാവുന്നവർ മാത്രമാണ് കരിങ്കൊടി കാണിക്കാനെത്തിയത്. മുഖ്യമന്ത്രിയെ നിലം തൊടിക്കീല്ല എന്ന മുഖ്യവാക്യം പോലും ചിലർ വിളിച്ചു. ഇത് ഭീകര സംഘടന മോഡൽ സമരമാണ്.
മുഖ്യമന്ത്രിയെ അക്രമിക്കാനുള്ള നീക്കമാണ് നടന്നത്. വികസനം തടസപ്പെടുത്താനുള്ള ഗൂഡാലോചനയാണ്. വികസനം ആഗ്രഹിക്കുന്ന ജനങ്ങൾ ഇത്തരം സമരത്തെ പിന്തുണക്കുന്നില്ല. വികസനവിരുദ്ധ അക്രമസമരക്കാരെ ഒറ്റപ്പെടുത്താൻ ജനാധിപത്യ വിശ്വാസികൾ മുന്നോട്ടുവരണമെന്നും എം വി ജയരാജൻ അഭ്യർഥിച്ചു.