മലപ്പുറം > സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷകന് മറുപടിയുമായി കെ ടി ജലീൽ. രണ്ടു ദിവസമല്ല, ഒരു നിമിഷം പോലും തനിക്ക് ടെൻഷൻ അടിക്കേണ്ടി വരില്ലെന്ന് ജലീൽ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. രണ്ട് ദിവസത്തിനകം ജലീലിനെതിരായ വിവരങ്ങൾ പുറത്തുവിടുമെന്നും അതുവരെ ടെൻഷൻ അടിക്കട്ടേയെന്നുമായിരുന്നു അഡ്വ. കൃഷ്ണരാജ് മാധ്യമങ്ങളോട് പറഞ്ഞത്.
ജലീലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
മിസ്റ്റർ കൃഷ്ണരാജ്, രണ്ടു ദിവസമല്ല, ഒരു നിമിഷം പോലും എനിക്ക് ടെൻഷൻ അടിക്കേണ്ടി വരില്ല. ഖുർആനിൽ സ്വർണ്ണം കടത്തി എന്ന് ആദ്യം പറഞ്ഞു. ഖുർആൻ്റെ തൂക്കം പറഞ്ഞ് കുറേ കഥകൾ വേറെ മെനഞ്ഞു. ഖുർആൻ കയറ്റിയ വണ്ടിയുടെ ജി.പി.എസ് കേടുവന്നു എന്നും പറഞ്ഞ് കുറേ നടന്നു. പിന്നെ കേട്ടത് വണ്ടി ബാഗ്ലൂരിലേക്ക് പോയ വാർത്തയാണ്. ഈത്തപ്പഴത്തിൻ്റെ കുരുവാക്കി സ്വർണ്ണം കടത്തിയെന്നായി അടുത്ത പ്രചരണം. അതിനൊക്കെ തീർപ്പുണ്ടാക്കിയിട്ട് പോരേ പുതിയ വെളിപ്പെടുത്തൽ.
അഡ്വ: കൃഷ്ണരാജിനും സംഘികൾക്കും കപ്പം കൊടുത്ത് ജീവിക്കേണ്ട ഗതികേട് കൂരിപ്പറമ്പിൽ തെക്കുംപാട്ട് കുഞ്ഞിമുഹമ്മദാജിയുടെ മകൻ ജലീലിനില്ല. എന്തും പറഞ്ഞോളൂ. ഏത് ഏജൻസികളെയും അന്വേഷണത്തിന് വിളിച്ചോളൂ. സൂര്യൻ കിഴക്കുദിക്കുന്നെടത്തോളം എനിക്കെന്ത് ടെൻഷൻ കൃഷ്ണരാജ്.
മിസ്റ്റർ കൃഷ്ണരാജ്, ഇലക്ട്രോണിക് യുഗമാണിത്. തെറ്റ് ചെയ്യാത്തവർക്ക് ലവലേശം ഭയപ്പാടിൻ്റെ കാര്യമില്ല. ഒരു അണുമണിത്തൂക്കം എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്നേ അതെല്ലാം നാട്ടിൽ പാട്ടാകുമായിരുന്നു. പലരെയും നിങ്ങൾ മിണ്ടാട്ടമില്ലാത്തവരാക്കിയത് ഇത്തരം ഓലപ്പാമ്പുകൾ കാട്ടിയാണ്.
മിസ്റ്റർ കൃഷ്ണരാജ്. എനിക്ക് സംരക്ഷിക്കാൻ കോടികളുടെ ആസ്തി ഇല്ല. എൻ്റെ കയ്യിൽ നികുതി കൊടുക്കാത്ത ഒരു രൂപയുടെ സമ്പാദ്യവുമില്ല. കണക്കിൽ പെടാത്ത ഒരു നയാപൈസ ഞാനെവിടെയും നിക്ഷേപിച്ചിട്ടുമില്ല. പിന്നെ ഞാൻ എന്തിന് ടെൻഷൻ അടിക്കണം?.
മിസ്റ്റർ കൃഷ്ണരാജ്, ഞാനും കാത്തിരിക്കുന്നു. പലരെയും പോലെ. ആ തമാശ കേൾക്കാൻ. ബാക്കി തമാശക്ക് ശേഷം.