അമ്പലപ്പുഴ> ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികള് ആഹ്ലാദത്തില്. പ്രതീക്ഷിച്ചതു പോലെ മത്സ്യം ലഭിച്ചുതുടങ്ങിയതിനാല് മത്സ്യത്തൊഴിലാളികള് ആശ്വാസത്തിലാണ്.
ഏറെനാളായി മണ്ണെണ്ണ വാങ്ങാന് പോലും വക കിട്ടാതിരുന്ന പല വള്ളങ്ങള്ക്കും നഷ്ടമില്ലാത്ത രീതിയില് മത്സ്യം ലഭിച്ചു തുടങ്ങി. ചൂടനും കൊഴുവയും ചെറിയ അയലയും നാരന് ചെമ്മീനുമാണ് ലഭിക്കുന്നതിലധികവും.വിലക്കൂടുതലുള്ള പൂവാലന് ചെമ്മീനും പല വള്ളങ്ങള്ക്കും ലഭിച്ചു. ഇതിന് കിലോയ്ക്ക് 190 രൂപ വില ലഭിച്ചു.
അമ്പലപ്പുഴ അയ്യന്കോയിക്കല്, പുന്നപ്ര ഫിഷ്ലാന്ഡ്, ഗലീലിയ, തോട്ടപ്പള്ളി ഹാര്ബര് എന്നിവിടങ്ങളില് ചന്തക്കടവുകള് പ്രവര്ത്തനം തുടങ്ങി.
അനുകൂല കാലാവസ്ഥയും ട്രോളിംഗ് നിരോധനവുമാണ് പരമ്പരാഗത മേഖലയില് പ്രതീക്ഷയ്ക്കു വകയേകിയത്.
അടുത്ത ദിവസങ്ങളിലും ഇതേ നില തുടരാനാണ് സാധ്യതയെന്നാണ് മത്സ്യത്തൊഴിലാളികള് പറയുന്നത്. 50 ദിവസമാണ് ട്രോളിംഗ് നിരോധനം. അടുത്ത മാസം 30 അര്ധരാത്രിയോടെ നിരോധനം പിന്വലിക്കും















