ലിസ്ബൺ
നേഷൻസ് ലീഗ് ഫുട്ബോളിൽ മുൻ ചാമ്പ്യന്മാരായ പോർച്ചുഗലിന്റെ മികച്ച പ്രകടനം തുടരുന്നു. രണ്ട് ഗോളിന് ചെക്ക് റിപ്പബ്ലിക്കിനെ തോൽപ്പിച്ചു. ജയത്തോടെ ഗ്രൂപ്പ് ബിയിൽ ഒന്നാമത് തുടർന്നു. ആദ്യജയം നേടിയ സ്പെയ്ൻ രണ്ടാമതുണ്ട്. സ്വിറ്റ്സർലൻഡിനെ ഒരു ഗോളിനാണ് തോൽപ്പിച്ചത്.
ആദ്യകളിയിൽ സ്പെയ്നുമായി സമനില വഴങ്ങിയ പോർച്ചുഗൽ തുടർന്ന് സ്വിസിനെ നാല് ഗോളിന് തകർത്തു. ചെക്കിനെതിരെ ജോയോ കാൻസെലോയും ഗൊൺസാലോ ഗുയെദെസും പോർച്ചുഗലിനായി ഗോൾ നേടി. രണ്ട് ഗോളിനും ബെർണാഡോ സിൽവയാണ് അവസരമൊരുക്കിയത്.
പാബ്ലോ സറാബിയയുടെ ഗോളിലായിരുന്നു സ്വിസിനെതിരെ സ്പെയ്നിന്റെ ജയം. പതിമൂന്നാം മിനിറ്റിൽ മധ്യനിരക്കാരൻ മാർകോസ് ലൊറെന്റെയുടെ ക്രോസായിരുന്നു സറാബിയയുടെ ഗോളിന് വഴിയൊരുക്കിയത്.
മറ്റ് മത്സരങ്ങളിൽ സ്വീഡനെ സെർബിയ ഒരു ഗോളിന് മറികടന്നപ്പോൾ ഗ്രീസ് സെെപ്രസിനെതിരെ മൂന്ന് ഗോളിന്റെ തകർപ്പൻ ജയം കുറിച്ചു.