തിരുവനന്തപുരം
ബംഗളൂരുവിൽ നടന്ന ഇന്ത്യ ഫസ്റ്റ് ടെക് സ്റ്റാർട്ടപ് മീറ്റിൽ മികച്ച സ്ഥാപനത്തിനുള്ള പുരസ്കാരം കേരള സ്റ്റാർട്ടപ് മിഷന്. സ്റ്റാർട്ടപ് മിഷനിൽനിന്ന് മീറ്റിൽ പങ്കെടുത്ത 15 സ്റ്റാർട്ടപ്പിൽ നാലെണ്ണം വിവിധ വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ നേടി. കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി വകുപ്പുകളുടെ സഹകരണത്തോടെ ഓൾ ഇന്ത്യ കൗൺസിൽ ഫോർ റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷനാണ് (എഐസിആർഎ) മീറ്റ് സംഘടിപ്പിച്ചത്.
മികച്ച ആരോഗ്യ സ്റ്റാർട്ടപ്പായി കോഴിക്കോട്ടെ കോ എക്സിൻ ടെക്നോളജീസ് മെന്റൽ ഹെൽത്ത് സർവീസും ഇന്നൊവേറ്റീവ് സ്മാർട്ട് സിറ്റി കൺസെപ്റ്റ് വിഭാഗത്തിൽ തിരുവനന്തപുരത്തെ ഫിറ്റ് ഇൻ കൺസൽട്ടന്റ്സും വിജയികളായി. മികച്ച ഇന്നൊവേറ്റീവ് ഇന്റർനെറ്റ് ഓഫ് തിങ്സ് പുരസ്കാരം കൊച്ചിയിലെ പിൻമൈക്രോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ഇന്നൊവേറ്റീവ് കൺസപ്റ്റ് വിഭാഗത്തിലെ പുരസ്കാരം കോഴിക്കോടുള്ള ഇ പ്ലെയിൻ കമ്പനിയും കരസ്ഥമാക്കി.