കൊച്ചി> സ്വപ്ന സുരേഷുമായി സൗഹൃദമുണ്ടെന്നും സ്വപ്നയുടെ ഓഫീസിൽ എത്തിയത് അവർ വിളിച്ചിട്ടാണെന്നും ഷാജി കിരൺ പറഞ്ഞു. സ്വപ്നയെ പരിചയമുണ്ട്. എന്നാൽ മുഖ്യമന്ത്രിയെയോ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയോ പരിചയമില്ല. മുഖ്യമന്ത്രിക്കെതിരായ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഷാജി കിരൺ തന്നെ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന സുരേഷ് ആരോപിച്ചതിന് പിന്നാലെയാണ് വെളിപ്പെടുത്തൽ.
സ്വപ്ന സുരേഷിനെ സുഹൃത്ത് എന്ന നിലയിൽ പരിചയമുണ്ട്. കൊച്ചിയിൽ വരുമ്പോൾ എന്നെ പലപ്പോഴും വിളിക്കാറുണ്ട്. അവരുടെ അമ്മയെ അറിയാം. സഹോദരനെ അറിയാം. സ്വപ്നയുടെ സുഹൃത്ത് എന്ന നിലയിൽ സരിത്തിനെയും അറിയാം. സരിത്തിനെ തട്ടിക്കൊണ്ടുപോയി എന്ന് പറഞ്ഞ് ഇന്നലെ സ്വപ്ന വിളിച്ചിരുന്നു. സഹായിക്കണം, പാലക്കാട് വരെ വരണം എന്നാണ് അവർ ആവശ്യപ്പെട്ടത്. അങ്ങനെയാണ് പാലക്കാട്ടെ അവരുടെ ഓഫീസിൽ പോയത്. നിയമപരമായി എന്ത് സഹായം വേണമെങ്കിലും ചെയ്യാം എന്നും പറഞ്ഞു.
ആർക്കും വേണ്ടിയല്ല സ്വപ്നയെ കാണാൻ പോയത്. സുഹൃത്ത് എന്ന നിലയിൽ ഹെൽപ്പ് ചെയ്യാൻ സ്വപ്ന പറഞ്ഞിട്ടാണ് പോയത്. മൊഴി തിരുത്തി സമൂഹമാധ്യമങ്ങളിൽ ഇടണമെന്ന് പറഞ്ഞിട്ടില്ല. നിങ്ങളുടെ സേഫ്റ്റി കണ്ടുകൊണ്ടുള്ള കാര്യങ്ങൾ ചെയ്യാവൂ എന്ന് ഒരു സുഹൃത്ത് എന്ന നിലയിൽ പറഞ്ഞതാണെന്നും ഷാജി കിരൺ പറയുന്നു.