കൊച്ചി> മദ്യത്തെ പ്രോത്സാഹിപ്പിക്കുക എന്നതല്ല സംസ്ഥാന സര്‍ക്കാര്‍ നയമെന്നും മറിച്ച് ലഹരി വര്‍ജ്ജനമാണെന്നും എക്സൈസ് മന്ത്രി എം വി ഗോവിന്ദന് പറഞ്ഞു. മദ്യ നിരോധനം കൊണ്ട് ലഹരി ഉപയോഗം കുറക്കുക സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന മധ്യമേഖല എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യം വാങ്ങാനെത്തുന്നവര്‍ വെയിലിലും മഴയിലും വരിനിന്ന് സ്വയം അപമാനിതരായി മദ്യം വാങ്ങുന്ന അവസ്ഥ കേരളത്തില്‍ എത്രയും വേഗം നിര്‍ത്തലാക്കണം. മദ്യ വില്പന ഔട്ട്ലെറ്റുകള് പ്രീമിയമാക്കി മാറ്റാനുള്ള നടപടികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണം. മദ്യം ഉപയോഗിക്കുന്നവര്‍ക്കു ഗുണമേന്മയുള്ള മദ്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു.
അതിര്‍ത്തി പ്രദേശത്തെ ഊട് വഴികളില്‍കൂടി സംസ്ഥാനത്തു മദ്യം എത്തുന്നതു തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഇതിനായി പ്രത്യേക മൊബൈല്‍ യൂണിറ്റ് രൂപീകരിക്കും. സ്ത്രീകള്‍ ഉള്‍പ്പെട്ട കേസുകള്‍ സംസ്ഥാനത്തു കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തി വനിത സിവില്‍ എക്സൈസ് ഓഫീസര്‍ തസ്തിക സൃഷ്ടിക്കും. പട്ടിക വര്‍ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യവും വകുപ്പില്‍ വര്‍ധിപ്പിക്കും.
എക്സൈസ് വകുപ്പിന്റെ ആധുനിക വത്കരണത്തിനു സര്‍ക്കാര്‍ പ്രഥമ പരിഗണനയാണു നല്‍കുന്നത്. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഡിജിറ്റലാക്കിയിട്ടുണ്ട്. അപേക്ഷകര്‍ ഓഫീസുകളില്‍ നേരിട്ട് ഹാജരാകുന്ന സാഹചര്യങ്ങള്‍ അതുകൊണ്ടുതന്നെ പൂര്‍ണമായും ഒഴിവാക്കണം. വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ സ്വന്തം കെട്ടിടങ്ങളിലേക്കു മാറാന്‍ നടപടി സ്വീകരിക്കണം. ഓഫീസുകളുടെയും ചെക്ക് പോസ്റ്റുകളുടെയും നവീകരണം എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണം. കുറ്റ കൃത്യങ്ങളില്‍ സാങ്കേതിക തെളിവുകള്‍ പരമാവധി ശേഖരിക്കുകയും കോടതികളില്‍ കൃത്യമായി ഹാജരാക്കുകയും ചെയ്യണം. ആധുനിക വത്കരണത്തിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകളില്‍ മയക്കു മരുന്ന് ഡിറ്റക്ടര്‍, നമ്പര്‍ പ്ലേറ്റ് തിരിച്ചറിയാനുള്ള ഉപകരണങ്ങള്‍, ക്യാമറകള്‍ എന്നിവ സ്ഥാപിക്കും. പ്രതികള്‍ ജാമ്യത്തിലിറങ്ങി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടണം.
വകുപ്പിലെ ഓരോ ഉദ്യോഗസ്ഥരുടെയും ആരോഗ്യവും ക്ഷേമവും വകുപ്പിന്റെ ഉത്തരവാദിത്തമാണ്. മേലുദ്യോഗസ്ഥര്‍ ഇത് ഉറപ്പു വരുത്തണം. കീഴ് ജീവനക്കാര്‍ ഉള്‍പ്പെടുന്ന അഴിമതി പ്രവര്‍ത്തനങ്ങളില്‍ ഓഫീസ് അധികാരികള്‍ക്കും ഉത്തരവാദിത്തമുണ്ട്. ഇത്തരം വീഴ്ചകള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. സേനാംഗങ്ങളുടെ പ്രവര്‍ത്തികള്‍ സേനയ്ക്കു ചീത്തപ്പേരുണ്ടാക്കുമെന്നത് ഓര്‍മയില്‍ വച്ചുകൊണ്ടാകണം പ്രവര്‍ത്തനം. അഴിമതി നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അഴിമതി കണ്ടില്ലെന്നു നടിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകും.
എക്സൈസ് വകുപ്പിന്റെ സേവനങ്ങള്‍, അപേക്ഷകള്‍, ഫയലുകള്‍, കേസുകള്‍ എന്നിവയില്‍ കാലത്താമസമുണ്ടാകാതെ പരിഹാരമുണ്ടാകണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. നിയമാനുസരണം നിശ്ചിത സമയ പരിധിക്കുള്ളില്‍ അപേക്ഷകള്‍ തീര്‍പ്പാക്കണം. അനാവശ്യ കാല താമസമുണ്ടാക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും. ലഹരി വിമുക്ത പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തമാക്കണം. സ്കൂള്‍ പരിസരങ്ങളില്‍ ലഹരി വില്പന നടക്കുന്നില്ലെന്ന് ഉറപ്പാക്കണം.
ലഹരി വിമുക്ത പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സൈക്ലിങ്, മാരത്തോണ്‍ മത്സരങ്ങളില്‍ പങ്കെടുത്തു വിജയം നേടിയ ഉദ്യോഗസ്ഥനായ ടി.എസ് ജസ്റ്റിനുള്ള ഉപഹാരവും മന്ത്രി കൈമാറി. രക്ത ദാന പ്രവര്‍ത്തനങ്ങളിലും സജീവമായ ജസ്റ്റിന് ഇതുവരെ 54 തവണയാണ് രക്തം ദാനം ചെയ്തത്. 12 തവണ രക്ത കോശങ്ങളും ദാനം ചെയ്തു.
എക്സൈസ് കമ്മിഷണര്‍ ആനന്ദകൃഷ്ണന്, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ സി വി ഏലിയാസ്, അഡിഷണല്‍ എക്സൈസ് കമ്മിഷണര്‍മാരായ ഇ.എന്‍ സുരേഷ്, ഡി.രാജീവ്, ജോയിന്റ് എക്സൈസ് കമ്മിഷണര്‍മാരായ എ.എസ്. രഞ്ജിത്, സി.കെ സനു, എക്സൈസ് വിജിലന്‍സ് ഓഫീസര്‍ മുഹമ്മദ് ഷാഫി തുടങ്ങിയവര്‍ പങ്കെടുത്തു