തിരുവനന്തപുരം> കോൺഗ്രസ് മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ചെന്നും മതേതര നിലപാടിൽ വെള്ളം ചേർത്തെന്നുമുള്ള മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ കത്ത് തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. മതേതര നിലപാടിൽ കോണ്ഗ്രസ്സ് വെള്ളം ചേർത്തിട്ടില്ലെന്നും കാവി മുണ്ട് ഉടുത്താൽ സംഘപരിവാർ എന്നാകില്ലെന്നും സതീശൻ പറഞ്ഞു.
അമ്പലത്തിൽ പോയാൽ മൃദുഹിന്ദുത്വം ആകില്ല. രാഹുൽ ഗാന്ധിയെ പ്രിയങ്ക ഗാന്ധിയോ അമ്പലത്തിൽ പോകുന്നത് മൃദുഹിന്ദുത്വം അല്ല. തൃക്കാക്കര തെരഞ്ഞെടുപ്പിന് ശേഷം താനും ക്ഷേത്രത്തിൽ പോയി. ചന്ദനം തൊട്ടാലോ, കൊന്ത ഇട്ടലോ വർഗീയവാദി ആകില്ല. അത് വികലമായ കാഴ്ചപ്പാടാണ്. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനാകണമെന്നും വി ഡി സതീശൻ കൂട്ടിചേർത്തു.
മൃദുഹിന്ദുത്വ നിലപാടുകൊണ്ട് ബിജെപിയെ നേരിടാനാകില്ലെന്നാണ് ചിന്തൻ ശിബിരത്തിന് മുന്നോടിയായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ സുധീരൻ പറഞ്ഞത്. നെഹ്റുവും ഇന്ദിരയുമടക്കമുള്ള നേതാക്കൾ വിട്ടുവീഴ്ചയില്ലാതെ മതേതരത്വത്തിനായി നിന്നെങ്കിൽ അതിൽ വെള്ളംചേർത്ത നിലപാടാണ് കുറച്ചുവർഷങ്ങളായി കോൺഗ്രസ് സ്വീകരിക്കുന്നതെന്നും സുധീരൻ കത്തിൽ ചൂണ്ടിക്കാട്ടി.