കൊച്ചി> വിദേശ രാജ്യങ്ങളില്‍ തൊഴിലെടുത്ത് ജീവിക്കുന്നവരുടെ കഞ്ഞിയില്‍ കേന്ദ്രം മണ്ണിടരുതെന്ന് കേരള പ്രവാസി സംഘം ജനറല്‍ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍.പ്രവാസി ഇന്ത്യക്കാരെ ബാധിക്കുന്ന വിധം അപകടകരമായ പ്രസ്താവനകള്‍ നടത്തിയവരെ തുറുങ്കിലടയ്ക്കുകയാണ് വേണ്ടത്. വിദേശരാജ്യങ്ങളിൽ നമ്മുടെ പ്രതിഛായ നേരെയാക്കാന്‍ അടിയന്തിരമായി പ്രധാനമന്ത്രി ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും കെ വി അബ്ദുൾഖാദർ ആവശ്യപ്പെട്ടു.
പ്രവാസികള്‍ക്ക് യാതൊരു ആനുകൂല്യവും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നില്ല. രാജ്യത്തിന് വലിയ തോതില്‍ വിദേശ നാണ്യശേഖരം നല്‍കുന്നത് പ്രവാസികളാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 89ബില്യണ്‍ യുഎസ് ഡോളറിന് സമാനമായ സംഖ്യയാണ് അവര്‍ രാജ്യത്തെത്തിച്ചത്.ദശലക്ഷക്കണക്കിന് കോടി രൂപ ഓരോ വര്‍ഷവും ഇന്ത്യന്‍ സമ്പദ്ഘടനയിലേക്ക് പകര്‍ന്നു നല്‍കുന്നവരാണ് വിദേശ ഇന്ത്യക്കാര്‍ .അവരുടെ ക്ഷേമത്തിന് പദ്ധതികളിലില്ലെന്നതോ പോകട്ടെ അവരുടെ തൊഴില്‍ നഷ്ടപ്പെടുത്തുന്ന സമീപനം സ്വീകരിക്കുന്നത് അങ്ങേയറ്റം അപകടകരമാണ്.
ഇന്ത്യന്‍ ഭരണകക്ഷിയായ ബിജെപി നേതാക്കള്‍ ഈയ്യിടെ നടത്തിയ നബിനിന്ദാ പ്രസ്താവന ഗള്‍ഫ് രാജ്യങ്ങളില്‍ നമുക്ക് പ്രതികൂലമായ പ്രതികരണങ്ങള്‍ ആണ് ഉളവാക്കിയിട്ടുള്ളത്. കേന്ദ്ര ഭരണകക്ഷിയുടെ സമുന്നത സ്ഥാനത്തിരിക്കുന്നവര്‍
ഇന്ത്യന്‍ ഭരണഘടനയെ തന്നെയാണ് നിന്ദിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വിഷയത്തില്‍ പ്രതികരിച്ചില്ലെന്നതും
പ്രതിഷേധാര്‍ഹമാണ്.
ജാതി മതവ്യത്യാസങ്ങള്ക്കതീതമായി വിദേശ രാജ്യങ്ങളില്‍ തൊഴിലെടുത്ത് ജീവിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുണ്ട്.
ഗല്ഫില് മാത്രം എത്രയോ ലക്ഷം പേരാണുള്ളത്. അവര്‍ക്ക് ഗുണകരമായി ഒന്നും ചെയ്യാത്ത കേന്ദ്ര ഭരണാധികാരികള്‍
ദ്രോഹിക്കുക കൂടി ചെയ്യുകയാണ്.അബ്ദുൾഖാദർ പറഞ്ഞു.