ലോർഡ്സ് > ലോർഡ്സിൽ ഇംഗ്ലണ്ടിന്റെ ഉശിരൻ തിരിച്ചുവരവ്. ന്യൂസിലൻഡുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ അഞ്ച് വിക്കറ്റിന് ജയിച്ചു. മുൻ ക്യാപ്റ്റൻ ജോ റൂട്ടിന്റെ ഉജ്വല സെഞ്ചുറിയാണ് ഇംഗ്ലീഷുകാർക്ക് ഒരുദിനം ബാക്കിനിൽക്കേ ജയം സമ്മാനിച്ചത്. 277 റൺ വിജയലക്ഷ്യം റൂട്ടിന്റെയും (115) ബെൻ ഫോക്സിന്റെയും (32) കരുത്തിൽ മറികടന്നു.
ഒന്നാം ഇന്നിങ്സിൽ 141 റണ്ണിന് പുറത്തായിരുന്നു ഇംഗ്ലീഷ് പട. ക്യാപ്റ്റനായുള്ള ബെൻ സ്റ്റോക്സിന്റെയും പരിശീലകനായുള്ള ബ്രണ്ടൻ മക്കല്ലത്തിന്റെയും അരങ്ങേറ്റം ജയത്തോടെ ആഘോഷിച്ചു ഇംഗ്ലണ്ട്. സ്കോർ: ന്യൂസിലൻഡ് 132, 285, ഇംഗ്ലണ്ട് 141, 5–-279. ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പടിയിറങ്ങിയശേഷമുള്ള ആദ്യ ടെസ്റ്റായിരുന്നു റൂട്ടിനിത്.
4–-69 എന്ന നിലയിൽ തകർന്ന ടീമിനെ സ്റ്റോക്സിനെയും (54) പിന്നാലെയെത്തിയ ഫോക്സിനെയും കൂട്ടുപിടിച്ചായിരുന്നു മുന്നേറിയത്. ആറാം വിക്കറ്റിൽ 120 റണ്ണാണ് ഇരുവരും നേടിയത്. റൂട്ട് 12 ഫോർ പായിച്ചു. 10ന് നോട്ടിങ്ഹാമിലാണ് മൂന്ന് മത്സര പരമ്പരയിലെ അടുത്ത കളി.
റൂട്ടിന് 10,000
ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺ തികച്ച് ജോ റൂട്ട്. ഈ നേട്ടം കൈവരിക്കുന്ന 14 -ാമത്തെ കളിക്കാരനാണ്. രണ്ടാമത്തെ ഇംഗ്ലീഷുകാരനും. ന്യൂസിലൻഡിനെതിരായി സെഞ്ചുറി നേടിയതോടെയാണ് റൂട്ടിന് പതിനായിരം റണ്ണായത്. 218 ഇന്നിങ്സിൽ നിന്നാണ് നേട്ടം. 26 സെഞ്ചുറിയും 54 അരസെഞ്ചുറിയുമുണ്ട്. 10,000 റൺ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നാട്ടുകാരൻ അലിസ്റ്റർ കുക്കിന്റെ റെക്കോഡിന് ഒപ്പവും റൂട്ടത്തെി. അഞ്ചക്കം തികയ്ക്കുമ്പോൾ ഇരുവർക്കും 31 വർഷവും അഞ്ച് മാസവും അഞ്ച് ദിവസവുമാണ് പ്രായം.