തിരുവനന്തപുരം
മഴക്കാലത്ത് സംസ്ഥാനത്തെ റോഡുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികളും ബുദ്ധിമുട്ടുകളും പരിഹരിക്കാൻ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രവർത്തിക്കുന്ന ടാസ്ക് ഫോഴ്സുകൾ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. 1800-425-7771 എന്ന നമ്പറിൽ പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാം.
കെഎസ്ടിപി ഓഫീസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം മുഖേനയാണ് ടാസ്ക് ഫോഴ്സിന്റെ പ്രവർത്തനം. മഴക്കാലത്ത് ജനങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ ജനങ്ങൾക്കൊപ്പംനിന്ന് പരിഹരിക്കാനുള്ള ഫീൽഡ്തല പ്രവർത്തനമാണ് ടാസ്ക് ഫോഴ്സിന്റെ ഉദ്ദേശ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കൺട്രോൾ റൂമിൽ അറിയിക്കുന്ന പ്രശ്നങ്ങൾ അപ്പപ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജില്ലാതല ടാസ്ക് ഫോഴ്സിനെ അറിയിക്കും. സ്ഥായിയായ പ്രശ്നപരിഹാരം സാധ്യമല്ലെങ്കിൽ താൽക്കാലിക പരിഹാരം ഉറപ്പാക്കും. 48 മണിക്കൂറിൽ പ്രശ്ന പരിഹാരം ഉറപ്പാക്കാൻ ടാസ്ക് ഫോഴ്സിന് കഴിയുമെന്ന് മന്ത്രി പറഞ്ഞു.
മഴക്കാലത്തെ നേരിടാൻകഴിയുംവിധം ബി എം ആൻഡ് ബി സി നിലവാരത്തിലുള്ള റോഡുകൾ നിർമിക്കുന്ന നടപടികൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അഞ്ചു വർഷംകൊണ്ട് സംസ്ഥാനത്തെ 50 ശതമാനം പി ഡബ്ല്യു ഡി റോഡുകൾ ബി എം ആൻഡ് ബി സി നിലവാരത്തിൽ നിർമിക്കും. ഒരു വർഷംകൊണ്ട് 2000 കിലോമീറ്റർ ബി എം ആൻഡ് ബി സി റോഡുകൾ പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കെഎസ്ടിപി ഓഫീസിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് സെക്രട്ടറി അജിത് കുമാർ, കെആർഎഫ്ബിപിഎംയു പ്രോജക്ട് ഡയറക്ടർ ഡാർലിൻ കർമലിറ്റ ഡിക്രൂസ്, റോഡ്സ് വിഭാഗം ചീഫ് എൻജിനിയർ അജിത്ത് രാമചന്ദ്രൻ, കെഎസ്ടിപി ചീഫ് എൻജിനിയർ കെ എഫ് ലിസി തുടങ്ങിയവർ പങ്കെടുത്തു.