മലപ്പുറം> തൃക്കാക്കര എൽഡിഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരെ വ്യാജ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്ത കേസിൽ അറസ്റ്റിലായ കോട്ടക്കൽ ഇന്ത്യനൂർ സ്വദേശി അബ്ദുൾ ലത്തീഫിന്റെ ലീഗ് ബന്ധത്തിന് കൂടുതൽ തെളിവ്. സോഷ്യൽ മീഡിയയിൽ ലീഗിന് വേണ്ടി സജീവമായ ഇടപെടുന്ന ഇയാൾ മുസ്ലിംലീഗ് സ്ഥാപക ദിനത്തിലും ബൈത്തുറഹ്മ ഭവന നിർമാണ പദ്ധതിയേയും അഭിനന്ദിച്ചും ലത്തീഫ് ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് പുറത്തായി. ഇതോടെ ലത്തീഫ് ലീഗ് കാരനല്ലെന്ന നേതാക്കളുടെ വാദം പൊളിഞ്ഞു.
2018 മാർച്ച് പത്തിനാണ്ള സ്വന്തം ഫോട്ടോ സഹിതം മുസ്ലിംലീഗ് സ്ഥാപക ദിനത്തിൽ ഇയാൾ ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. ബഹുസ്വര ഇന്ത്യക്ക് ജനാധിപത്യം കാവൽ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. 2020 ജൂൺ 27നാണ് ലീഗ് ഭവന പദ്ധതിയായ ബൈത്തുറഹ്മയെ വാഴ്ത്തി മറ്റൊരു പോസ്റ്റിട്ടത്. കോട്ടക്കൽ നിയോജക മണ്ഡലം ലീഗ് എംഎൽഎ ആബിദ് ഹുസൈൻ തങ്ങളുടെ ഫോട്ടോയാണ് പ്രൊഫൈൽ പടമായി ഉപയോഗിച്ചത്. കുറേ വീടുകളുടെ പടത്തിന് മുകളിൽ എന്റെ പാർട്ടിയായ മുസ്ലിംലീഗിനല്ലാതെ മറ്റാരെകൊണ്ട് കഴിയും ഇതുപോലെ പാവങ്ങളുടെ കണ്ണീരൊപ്പാൻ എന്ന് ചോദിക്കുന്നു. സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് രണ്ട് പോസ്റ്റുകളും പുറത്ത് വിട്ട് ലത്തീഫ് ലീഗുകാരനല്ലെന്ന് തെളിയിക്കാൻ വെല്ലുവിളിച്ചു.
ജോജോസഫിനെതിരായ വ്യാജ വീഡിയോ തയ്യാറാക്കിയ കേസിൽ ലത്തീഫ് അറസ്റ്റിലായതോടെ പ്രതിരോധത്തിലായ ലീഗ് നേതൃത്വം അയാൾ തങ്ങളുടെ പ്രവർത്തകനല്ലെന്ന് സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു. കൊലപാതകം അടക്കം നിരവധി കേസിൽ പ്രതിയായ ഇയാൾക്ക് ലീഗ് നേതൃത്വം നിയമസഹായം അടക്കം നൽകിയതായി വിവരമുണ്ട്. കഴിഞ്ഞ ദിവസം ഒരു പ്രദേശിക ചാനൽ ഇന്ത്യനൂരിൽ ജനങ്ങളെ കണ്ട് അഭിപ്രായം തേടിയിരുന്നു. രാഷ്ട്രീയ ഭേദമന്യേ നാട്ടുകാർ ഇയാൾ ലീഗുകാരനാണെന്ന് പറഞ്ഞിരുന്നു.