തൃക്കാക്കര> കേരളം ആകാംക്ഷയോടെ കാത്തിരുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. മുന്നണികളുടെ ദിവസങ്ങള് നീണ്ട വാശിയേറിയ പ്രചാരണാവേശത്തിന് പിന്നാലെയാണ് ഇന്ന് രാവിലെ തൃക്കാക്കര ജനത പോളിംഗ് ബൂത്തിലേയ്ക്കെത്തുന്നത്. രാവിലെ ഏഴ് മണിക്ക് തന്നെ പോളിംഗ് ആരംഭിച്ചു. പോളിംഗ് തുടങ്ങിയ സമയം മുതല്ക്ക് തന്നെ ബൂത്തുകളില് നല്ല തിരക്കാണ് അനുഭവപ്പെടുന്നത് .പല ബൂത്തുകളിലും നീണ്ട നിര തന്നെ കാണാന് കഴിഞ്ഞു.
ഇടതുപക്ഷ സ്ഥാനാര്ഥിയായ ജോ ജോസഫ് രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തി. പടമുകളിലെ തന്റെ ബൂത്തിലാണ് അദ്ദേഹവും ഭാര്യ ദയ പാസ്ക്കലും വോട്ട് രേഖപ്പെടുത്തിയത്. നൂറ് ശതമാനം ആത്മവിശ്വാസത്തോടെയാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് ജോ ജോസഫ് പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ ആദ്യ ദിവസം മുതല്ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു.പൂര്ണ തൃപ്തിയേടെയാണ് വോട്ട് ചെയ്തത്.തൃക്കാക്കരയില് ഇടതുപക്ഷ ജനാധിപത്യ മുന്നണി അട്ടിമറി വിജയം നേടിയിരിക്കുമെന്നും ജോ ജോസഫ് വ്യക്തമാക്കി.
യുഡിഎഫ് സ്ഥാനാര്ത്ഥി ഉമാ തോമസ് പാലാരിവട്ടം പൈപ്പ്ലൈന് ജംഗ്ഷനില് ബൂത്ത് 50ലാണ് വോട്ടു രേഖപ്പെടുത്തിയത്
രണ്ടുലക്ഷത്തോളം വോട്ടര്മാരാണ് തൃക്കാക്കരയില് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. മൂന്നു മുന്നണികളുടെ ഉള്പ്പെടെ എട്ട് സ്ഥാനാര്ഥികളാണ് മത്സരരംഗത്തുള്ളത്.
2011ല് രൂപീകൃതമായ മണ്ഡലത്തിലെ ആദ്യ തെരഞ്ഞെടുപ്പില് നേടിയ ഭൂരിപക്ഷത്തിന്റെ പകുതിമാത്രം വോട്ടാണ് 2016ലെ രണ്ടാംവിജയത്തില് യുഡിഎഫിന് നേടാനായത്. 2021ലെ വിജയത്തിലും ആദ്യതെരഞ്ഞെടുപ്പില് നേടിയ വോട്ടിലേക്കും ഭൂരിപക്ഷത്തിലേക്കും എത്താന് യുഡിഎഫിനായില്ല.
തൃക്കാക്കര നഗരസഭയും കൊച്ചി കോര്പറേഷന്റെ 22 ഡിവിഷനുകളും ഉള്പ്പെട്ടതാണ് മണ്ഡലം. ആകെ വോട്ടര്മാര്: 1,96,805. ഇതില് 95,274 പുരുഷന്മാരും 1,01,530 സ്ത്രീകളുമാണ്. ഒരു ട്രാന്സ്ജെന്ഡര് വോട്ടറുമുണ്ട്. 3633 കന്നിവോട്ടര്മാരുണ്ട്. ബൂത്തുകള് 239. കോവിഡ് മാനദണ്ഡങ്ങള് പാലിച്ചായിരിക്കും വോട്ടെടുപ്പ്.