തിരുവനന്തപുരം
പൊതുവിദ്യാഭ്യാസ മേഖലയെ അഭിവൃദ്ധിപ്പെടുത്താൻ കക്ഷി രാഷ്ട്രീയ ഭേദമില്ലാത്ത പിന്തുണ ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ നേട്ടത്തിൽ നാടിനാകെ അഭിമാനിക്കാം. വിദ്യാകിരണം മിഷന്റെ ഭാഗമായി നിർമിച്ച 75 സ്കൂൾ കെട്ടിടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വട്ടിയൂർക്കാവ് ഗവ. വൊക്കേഷണൽ ആൻഡ് എച്ച്എസ്എസിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊതുവിദ്യാലയം നവീകരിക്കപ്പെട്ടതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ പാവപ്പെട്ടവരാണ്. കുട്ടികളുടെ കൊഴിഞ്ഞുപോക്കില്ലാതായി. വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങൾ കേടുപാട് പരിഹരിക്കാതെ കിടന്നകാലം കേരളത്തിലുണ്ടായിരുന്നു. ചോർന്നൊലിക്കുന്ന മേൽക്കൂരയും വിണ്ടുകീറിയ തറയും ചുവരുമായി കിടന്ന കാലം. ഇതോടെ പൊതുവിദ്യാലയങ്ങളിൽ പഠിച്ച രക്ഷിതാക്കൾ കുട്ടികളെ അവിടേക്ക് അയച്ചില്ല. ഇതിനൊരു മാറ്റമുണ്ടാകുമെന്ന വാഗ്ദാനവുമായാണ് 2016ലെ സർക്കാർ അധികാരത്തിലെത്തിയത്. ഒന്നു പറയുകയും മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുന്നതല്ല എൽഡിഎഫിന്റെ രീതിയെന്ന് അഞ്ചു വർഷംകൊണ്ട് തെളിയിച്ചു.
ഇതിനൊക്കെയായി കിഫ്ബി പുനരുജ്ജീവിപ്പിച്ചതിനെവരെ എതിർത്തവരുണ്ട്. കിഫ്ബിക്ക് പണം കിട്ടുന്നതിനു തടസ്സമുണ്ടാക്കുന്ന പരാമർശങ്ങളുണ്ടായി. എന്നാൽ, 50,000 കോടി രൂപയുടെ പശ്ചാത്തല വികസനം ലക്ഷ്യംവച്ച് പ്രഖ്യാപിച്ച കിഫ്ബി മുഖേന 2021 വരെ 62,500 കോടി രൂപയുടെ പദ്ധതിയാണ് യാഥാർഥ്യമാക്കിയത്. 5000 കോടിയുടെ വികസന പദ്ധതിയാണ് പൊതുവിദ്യാഭ്യാസ മേഖലയിൽമാത്രം ഏറ്റെടുത്തത്. കൂടാതെ 1016 കോടി രൂപ സ്കൂൾ വിദ്യാഭ്യാസ മേഖലയ്ക്കായി ബജറ്റിൽ മാറ്റി വച്ചു. വിദ്യാലയങ്ങളെ ഭിന്നശേഷീ സൗഹൃദമാക്കാൻ 15 കോടി രൂപ വേറെയും. ശാരീരിക പരിമിതിയുടെ പേരിൽ ഒരു കുട്ടിപോലും വിദ്യാഭ്യാസ സമ്പ്രദായത്തിനു പുറത്തായിപ്പോകരുതെന്ന നിർബന്ധം സർക്കാരിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.















