തിരുവനന്തപുരം > മതവിദ്വേഷക്കേസിൽ ജയിലിൽ കഴിയുകയായിരുന്ന പി സി ജോർജിനെ സ്വീകരിക്കാനെത്തിയ ബിജെപിക്കാർ മാധ്യമപ്രവർത്തകരെ മർദിച്ചു. മാധ്യമപ്രവർത്തകരെ ആക്രമിക്കകയും ട്രൈപോഡുകൾ തകർക്കുകയും ചെയ്തു.അക്രമത്തിൽ 24 ന്യുസ് ചാനൽ ക്യാമറമാൻ എസ് ആർ അരുണിന് മർദനമേറ്റു. ഇദ്ദേഹത്തിന്റെ വയറിലും നെഞ്ചിലും ചവിട്ടുകയും മുഖത്ത് അടിക്കുകയും ചെയ്തു. അരുൺ ഫോർട്ട് ആശുപത്രിയിൽ ചികിത്സ തേടി.
മാധ്യമപ്രവർത്തകരെ ആക്രമിച്ചവരെ അറസ്റ്റുചെയ്യണം: കെയുഡബ്ല്യുജെ
പൂജപ്പുര ജയിലിനു മുന്നിൽ വാർത്ത റിപ്പോർട്ടുചെയ്യുന്നതിനിടയിൽ മാധ്യമപ്രവർത്തകരെ ആക്രമിക്കകയും ട്രൈപോഡുകൾ തകർക്കുകയും ചെയ്ത നടപടിയിൽ കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പി സി ജോർജിനെ സ്വീകരിക്കാൻവന്ന ബിജെപി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. അക്രമികളെ അറസ്റ്റുചെയ്ത് നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ഈ ആവശ്യമുന്നയിച്ച് ശനിയാഴ്ച പൊലീസ് മേധാവിയെ കാണുമെന്ന് ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലവും സെക്രട്ടറി ബി അഭിജിത്തും പറഞ്ഞു.