കൊച്ചി> മതവിദ്വേഷപ്രസംഗം നടത്തിയതിന് അറസ്റ്റിലായ പി സി ജോർജിന് കർശന ഉപാധികളോടെ ജാമ്യം ലഭിച്ചു. വിദ്വേഷപ്രസംഗം നടത്തരുതെന്ന ഉപാധിയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മുൻ എംഎൽഎ എന്നതും ആരോഗ്യ സ്ഥിതിയും കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. വ്യവസ്ഥ ലംഘിച്ചാൽ പ്രോസിക്യൂഷന് കോടതിയെ സമീപിക്കാം.
തിരുവനന്തപുരത്തു നടന്ന അനന്തപുരി സമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തിനാണ് ജാമ്യം ലഭിച്ചത്. വെണ്ണല പ്രസംഗത്തിന് മുൻകൂർ ജാമ്യവും ലഭിച്ചു. തുടർച്ചയായി കസ്റ്റഡിയിൽ പാർപ്പിക്കേണ്ട സാഹചര്യമില്ലെന്നും കോടതി പറഞ്ഞു.
അനന്തപുരി സമ്മേളനത്തിൽ മുസ്ലിം വിഭാഗക്കാരെ അധിക്ഷേപിച്ച് പ്രസംഗിച്ച ജോർജിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്ന വ്യവസ്ഥകളോടെ കോടതി അന്ന് ജാമ്യം അനുവദിച്ചു. എന്നാൽ മെയ് എട്ടിന് കൊച്ചി വെണ്ണല മഹാശിവക്ഷേത്രത്തിൽ നടന്ന പൊതുയോഗത്തിലും പി സി ജോർജ് വിദ്വേഷപ്രസംഗം ആവർത്തിച്ചു. തുടർന്ന് കോടതി ജാമ്യം റദ്ദാക്കിയതോടെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.