കൊച്ചി> തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രചാരണങ്ങള്‍ മണ്ഡലത്തില്‍ വന്മുന്നേറ്റമുണ്ടാക്കുമ്പോള് എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരെയും പ്രചാരണങ്ങള്‍ക്കെതിരെയും അധിക്ഷേപ വാര്‍ത്തകളുമായി മനോരമ.’സംസ്ഥാനത്തെമ്പാടുമുള്ള എംഎല്‍എമാര്‍, നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ തൃക്കാക്കരയില്‍ പെറ്റുകിടക്കുകയാണ്’ – എന്നാണ് മനോരമ ലേഖനം.
നേരിട്ട് മോണിട്ടര്‍ ചെയ്ത് പിണറായി; തോറ്റാല്‍ യുഡിഎഫില്‍ കലാപം, തൃക്കാക്കര ഞെട്ടലുകള്‍ എന്ന കൃഷ്ണന് മോഹന്‍ലാലിന്റെ ലേഖനത്തിലാണ് ഇത്തരത്തില്‍ അധിക്ഷേപം. സെക്രട്ടേറിയറ്റ് തല്ക്കാലം തൃക്കാക്കരയില്‍ ആണ് എന്ന ആമുഖത്തോടെയാണ് ലേഖനം തുടങ്ങുന്നത്. തിരുവനന്തപുരത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നോ സെക്രട്ടറിയേറ്റില്‍ നിന്നോ ഏതെങ്കിലും ഫയല്‍ നീക്കണമെങ്കില്‍ വീട്ടില്‍ വരുന്ന എംഎല്‍എമാരോടോ മന്ത്രിമാരോടോ ഒന്നു പറഞ്ഞാല്‍ മതിയെന്നും ലേഖനത്തില്‍ പറയുന്നു. റിപ്പോര്‍ട്ടിനെതിരെ വ്യാപക പരാതി ഉയര്‍ന്നതോടെ എംഎല്‍എമാര്‍ തൃക്കാക്കരയില്‍ പെറ്റുകിടക്കുകയാണ് എന്ന വരിമാത്രം തിരുത്തി ലേഖനം പുനപ്രസിദ്ധീകരിക്കുകയാണ് ചെയ്ത്.
ഒരു തിരുത്ത് കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിടും മുമ്പ് ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരായ വാര്‍ത്താ ചിത്രം മനോരമ ന്യൂസ് ടിവി ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റേത് എന്ന പേരില്‍ സമൂഹമാധ്യമങ്ങള്‍ വഴി അശ്ലീയ വീഡിയോ പ്രചരിപ്പിച്ചവരെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് മനോരമ നല്‍കിയത് ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ ചിത്രമാണ്. വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി വീഡിയോ പ്രചരിപ്പിച്ച അഞ്ചു പേരെ കണ്ടെത്തിയെന്ന വാര്‍ത്തയുടെ ചിത്രമായാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ്, ട്രഷറര്‍ എസ് ആര് അരുണ്‍ ബാബു എന്നിവരുടെ ചിത്രം മനോരമ നല്‍കിയത്. വാര്‍ത്തയുടെ സ്ക്രീന്‍ ഷോര്‍ട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ശേഷമാണ് തിരുത്തുമായി മനോരമ രംഗത്തെത്തിയത്.
‘തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്തഥിക്കെതിരെ വ്യാജ വീഡിയോപ്രചരിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് അനുഭാവി അറസ്റ്റിലായ വാര്‍ത്തയ്ക്കൊപ്പം ഈ വിഷയത്തില്‍ പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്തിയ ഡിവൈഎഫ്ഐ നേതാക്കളുടെ ചിത്രം മനോരമ ന്യൂസ് ഫെയ്സ്ബുക്ക് പേജിലും ട്വിറ്റര്‍ പേജിലും വന്നതില്‍ ക്ഷമ ചോദിക്കുന്നു ഈ പിശക് ശ്രദ്ധയില്‍പ്പെട്ട ഉടനെ ചിത്രം പിന്‍വലിച്ചിരുന്നു’ എന്നാണ് മനോരമ നല്ക്കിയ ഖേദപ്രകടനം.