കൊച്ചി> തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെതിരെയുള്ള സൈബർ ആക്രമണത്തിൽ ശക്തമായ പ്രതികരണവുമായി വിഖ്യാത ഹൃദ്രോഗ വിദഗ്ദ്ധനും പത്മശ്രീ ജേതാവുമായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം.
‘‘ഭീഷണി എന്നത് മൃഗസ്വഭാവമാണ്. പരാജയമുണ്ടാകും എന്ന ഭീതിയിൽ പരിഭ്രാന്തരാകുമ്പോൾ ഇത് അപൂർവ്വമായി മനുഷ്യരിലും കാണാം’’-അദ്ദേഹം ഫേസ്ബുക്കിൽ എഴുതി.
കുറിപ്പിന്റെ പുർണ്ണരൂപം:
എനിക്ക് ഡോ. ജോ ജോസഫിനെ നിരവധി വർഷങ്ങളായി അറിയാം. ഒരു വ്യക്തി എന്ന നിലയിലും ഡോക്ടർ എന്ന നിലയിലും അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തിന്റെ പ്രസക്തിയെപ്പറ്റി ഫേസ്ബുക്കിൽ ഞാൻ നേരത്തേതന്നെ എഴുതിയിരുന്നു.
ഒരു വ്യക്തി എന്ന നിലയിലും ഡോക്ടർ എന്ന നിലയിലും മികച്ച യോഗ്യതകൾ ഉള്ളയാളാാണ് അദ്ദേഹം. ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുകൊണ്ടുമാത്രം അദ്ദേഹത്തെ ഭീഷണിപ്പെടുത്താനുള്ള നീക്കം വിലകുറഞ്ഞതാണ്.
ഭീഷണി എന്നത് മൃഗസ്വഭാവമാണ്. പരാജയമുണ്ടാകും എന്ന ഭീതിയിൽ പരിഭ്രാന്തരാകുമ്പോൾ ഇത് അപൂർവ്വമായി മനുഷ്യരിലും കാണാം.
തത്വദീക്ഷയില്ലാത്ത അത്തരക്കാരുടെ കുതന്ത്രങ്ങളിൽ കുടുങ്ങരുതെന്ന് പ്രിയപ്പെട്ട ഡോ. ജോയോടും ദയയോടും മക്കളോടും പറയുന്നു. അവർ ഒരു ചിത്രം കിട്ടാൻ അഗ്നിപർവ്വതമുഖത്തേക്ക് പോലും എടുത്തുചാടും. അവർക്ക് ഒരിക്കലും വിജയിക്കാനാവില്ല. പരാജയം ഉറപ്പാണ്.
‘‘എന്നെ ഭീഷണിപ്പെടുത്തും തോറും എന്റെ ധൈര്യം വർധിക്കും’’ എന്ന് ജയിൻ ഓസ്റ്റിൻ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ കാര്യത്തിലും അങ്ങനെയാകട്ടെ. പരിണതപ്രഞ്ജരായ കേരളസമൂഹം നിങ്ങൾക്കുപിന്നിൽ ശക്തമായി നിലകൊള്ളുകയാണ്. കരുത്തോടെ മുന്നോട്ടുപോകുക ഞങ്ങളെല്ലാം ഒപ്പമുണ്ടാകും.