തിരുവനന്തപുരം> കേരളം ഉൽക്കണ്ഠയോടെ കാണുന്ന നടി ആക്രമിക്കപ്പെട്ട കേസ്സിൽ പുരോഗമന സാംസ്കാരിക കേരളം അതിജീവിതക്കൊപ്പമാണെന്ന് പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. തുടക്കം മുതൽ തന്നെ എഴുത്തുകാരും കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും അതിജീവിതക്കു വേണ്ടി ശബ്ദമുയർത്തിയത് കേരളം കണ്ടതാണ്. അതോടൊപ്പം ഇടതുപക്ഷ സർക്കാർ നടത്തിയ അതി ജീവിതക്കനുകൂലമായ ഇടപെടലുകളും, നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളും പ്രധാനപ്പെട്ടതാണ്.
കേരളത്തിലെ വലതു പക്ഷവും, വലതുപക്ഷ മാധ്യമങ്ങളുമാണ് വേട്ടക്കാരനൊപ്പം നിന്നതെന്ന് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. വലതു പക്ഷത്തിന്റെ ചില സന്ദർഭങ്ങളിലെ മൗനവും, വളച്ചൊടിക്കലുകളും വേട്ടക്കാരനെയാണ് പിന്തുണക്കുന്നത്. അതിജീവിതക്കൊപ്പമാണെന്ന വ്യാജേന നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളെ അവർ നുണകൾ കൊണ്ട് വ്യാഖ്യാനിക്കുന്നു. തകർക്കാൻ ശ്രമിക്കുന്നു.
കേരളത്തിലെ ഇടതുപക്ഷ സർക്കാരും, മുഖ്യമന്ത്രിയും അതിജീവിത ക്കൊപ്പമാണെന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധം പ്രഖ്യാപിച്ചു കഴിഞ്ഞു. സർക്കാർ നടപടികളെല്ലാം അതിന്റെ അടയാളങ്ങളാണ്. വിസ്മയ കേസിലടക്കമുള്ള സുപ്രധാനവിധികൾ സര്‍ക്കാരിന്റെ സ്ത്രീപക്ഷ ഇടപെടലുകളുടെ ഭാഗമാണ്. സ്ത്രീമുന്നേറ്റ ചരിത്രമായി ഇത് കേരളം അടയാളപ്പെടുത്തും. സ്ത്രീകൾക്കെതിരായ ആക്രമങ്ങളിൽ, വേട്ടക്കാർക്കെതിരെ കർശന നിലപാടുകളാണ് ഇടതുപക്ഷ സർക്കാരിന്റെത്.
അതിജീവിതക്കൊപ്പം നിന്ന് കേരളം നടത്തുന്ന സ്ത്രീപക്ഷ പോരാട്ടങ്ങളെ നുണ വ്യാഖ്യാനങ്ങൾ നടത്തി ദുർബലപ്പെടുത്തുന്ന വലതുപക്ഷ നീക്കങ്ങളെ തിരിച്ചറിയണമെന്ന് പുരോഗമന കലാ സാഹിത്യ സംഘം അഭ്യത്ഥിക്കുന്നും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റ് ഷാജി എൻ കരുണും ജനറൽ സെക്രട്ടറി അശോകൻ ചരുവിലും പ്രസ്താവനയിൽ പറഞ്ഞു.