തിരുവനന്തപുരം
കോടതിയുടെ ജാമ്യവ്യവസ്ഥ പരസ്യമായി ലംഘിച്ച് മതസ്പർധയുണ്ടാക്കി വർഗീയ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പി സി ജോർജ് കുറ്റകൃത്യം ആവർത്തിച്ചെന്ന് പൊലീസ്. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ സമാനരീതിയിൽ പ്രസംഗങ്ങൾ ആവർത്തിക്കാനും കേരളത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കി വർഗീയ കലാപത്തിന് ആഹ്വാനംചെയ്യാനും സാധ്യതയുണ്ടെന്നും തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
വിദ്വേഷപ്രസംഗം ആവർത്തിച്ചതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. മുൻ എംഎൽഎകൂടിയായ പ്രതി സാക്ഷികളെയും മറ്റും സ്വാധീനിച്ച് ഭീഷണിപ്പെടുത്താൻ ഇടയുണ്ട്. സമൂഹത്തിൽ സ്വാധീനമുള്ള പ്രതി പുറത്തിറങ്ങിയാൽ കേസ് അന്വേഷണത്തിന് തടസ്സംനേരിടാനും ഒളിവിൽ പോകാനും സാധ്യതയുണ്ട്. പ്രതിയുടെ ശബ്ദ സാമ്പിൾ പരിശോധന നടത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ജോർജിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷയും കോടതിയിൽ നൽകി. കസ്റ്റഡി അപേക്ഷ 30നു പരിഗണിക്കും.
വ്യാഴം രാവിലെ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയശേഷമാണ് പി സി ജോർജിനെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയത്. പൊലീസിനെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. റിമാൻഡ് ചെയ്തതോടെ ജനറൽ ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തി പൂജപ്പുരയിലെ ജില്ലാ ജയിലിൽ എത്തിച്ചു. അവിടെനിന്ന് വൈകിട്ട് 5.45ഓടെ വൈദ്യസഹായം ഉറപ്പാക്കാൻ സെൻട്രൽ ജയിലിലേക്ക് മാറ്റി.