തിരുവനന്തപുരം
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേരള നിയമസഭ സംഘടിപ്പിക്കുന്ന വനിതാ സാമാജികരുടെ ദേശീയ സമ്മേളനത്തിന് ഉജ്വല തുടക്കം. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ പ്രൗഢഗംഭീര ചടങ്ങിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിരിതെളിച്ചു. രാഷ്ട്രപതിക്കുള്ള ഉപഹാരം സ്പീക്കർ എം ബി രാജേഷ് കൈമാറി. രാഷ്ട്രപതിയുടെ പത്നി സവിത കോവിന്ദ്, ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രി ജെ ചിഞ്ചുറാണി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ പങ്കെടുത്തു.
വിവിധ സംസ്ഥാനങ്ങളിലെ എംപിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ എന്നിവരുൾപ്പെടെ 120 പേർ പങ്കെടുക്കുന്നു. ഉദ്ഘാടന സെഷനുശേഷം ഭരണഘടനയും സ്ത്രീകളുടെ അവകാശങ്ങളും, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സ്ത്രീകളുടെ പങ്ക് വിഷയങ്ങളിൽ സെമിനാർ നടന്നു. തുടർന്ന്, കലാപരിപാടികൾ അരങ്ങേറി.
വെള്ളി രാവിലെ പത്തിന് ‘വനിതകളുടെ അവകാശങ്ങളും നിയമപഴുതുകളും’, പകൽ 11.30ന് ‘നയരൂപീകരണ സമിതികളിലെ വനിതകളുടെ പ്രാതിനിധ്യക്കുറവ്’ വിഷയങ്ങളിൽ സെമിനാർ നടക്കും. പകൽ മൂന്നിന് സമാപന സമ്മേളനം ലോക്സഭാ സ്പീക്കർ ഓം ബിർല ഉദ്ഘാടനംചെയ്യും.