തിരുവനന്തപുരം> മതവിദ്വേഷ പ്രസംഗം നടത്തിയ പി സി ജോർജിന്റെ ജാമ്യം കോടതി റദ്ദാക്കി. കോടതി നിർദേശങ്ങൾ ലംഘിച്ച് വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയത് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ നൽകിയ ഹർജി പരിഗണിച്ചാണ് ജാമ്യം റദ്ദാക്കിയത്. പി സി ജോർജ് എറണാകുളം വെണ്ണല മഹാശിവ ക്ഷേത്രത്തിൽ നടത്തിയ പ്രസംഗത്തിന്റെ സിഡിയടക്കം തുറന്ന കോടതിയിൽ പരിശോധിച്ച ശേഷമാണ് ജാമ്യം റദ്ദാക്കാനുള്ള തീരുമാനം.
തിരുവനന്തപുരത്ത് നടന്ന അനന്തപുരി മഹാസമ്മേളനത്തിലായിരുന്നു വർഗീയവിഷം തുപ്പി പി സി ജോർജ് പ്രസംഗിച്ചത്. മെയ് ഒന്നിന് അറസ്റ്റിലായ ജോർജിനെ ജഡ്ജിയുടെ വീട്ടിൽ ഹാജരാക്കി. മതവിദ്വേഷം പരത്തുന്ന നടപടികളുണ്ടാകരുതെന്ന നിർദേശത്തോടെയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ, പുറത്തിറങ്ങിയ ഉടൻ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലും എറണാകുളം പാലാരിവട്ടം വെണ്ണലയിലെ മഹാശിവക്ഷേത്രത്തിൽ നടന്ന പരിപാടിയിലും ജാമ്യവ്യവസ്ഥകൾ ലംഘിക്കുന്ന പരാമർശങ്ങൾ ജോർജിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു.