കൊച്ചി> കേരളത്തിലെ മതനിരപേക്ഷ, പുരോഗമന സർക്കാർ ദേശീയബദലാണെന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. ഈ സർക്കാരിന്റെ പുരോഗമനപ്രവർത്തനങ്ങൾ രാജ്യം ശ്രദ്ധിക്കുന്നതായും എൻസിപി സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന് പൂർണപിന്തുണ പ്രഖ്യാപിച്ച പവാർ, മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസകളും നേർന്നു.
രാജ്യം നേരിടുന്ന ഗുരുതരപ്രശ്നങ്ങൾ മൂടിവയ്ക്കാനാണ് ജ്ഞാൻവാപി പള്ളി ഉൾപ്പടെയുള്ള പുതിയ വിവാദങ്ങൾ ബിജെപിയും പോഷകസംഘടനകളും ഉയർത്തുന്നത്. വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിക്കാൻ ശ്രമിക്കാതെ വർഗീയവികാരം ആളിക്കത്തിച്ച് ജനശ്രദ്ധ മാറ്റുകയാണ്. ഇതിനെതിരെ മതനിരപേക്ഷശക്തികൾ ഒന്നിക്കണം. അയോധ്യക്കുശേഷം വാരാണസി, താജ്മഹൽ, കുത്തബ്മിനാർ വിഷയങ്ങൾ വിവാദമാക്കി വർഗീയനേട്ടം ഉണ്ടാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. രാജ്യത്തിന് അഭിമാനമാണ് ഈ ചരിത്രസ്മാരകങ്ങൾ. 400 വർഷമായി കേൾക്കാത്ത വിഷയമാണ് ജ്ഞാൻവാപി പള്ളിയുമായി ബന്ധപ്പെട്ട് ഉയർത്തുന്നത്. ബിജെപിയുടെ വർഗീയഫാസിസത്തെ നേരിടാൻ എൻസിപിയുടെ നേതൃത്വത്തിൽ ദേശീയതലത്തിൽ മതനിരപേക്ഷ പാർടികളുടെ കൂട്ടായ്മ ഉണ്ടാക്കുമെന്നും പവാർ പറഞ്ഞു.
എ സി ഷൺമുഖദാസ് നഗറിൽ (കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം) ചേർന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ അധ്യക്ഷനായി. ദേശീയ ജനറൽ സെക്രട്ടറിമാരായ പ്രഫുൽ പട്ടേൽ, ടി പി പീതാംബരൻ, മന്ത്രി എ കെ ശശീന്ദ്രൻ, മുഹമ്മദ് ഫൈസൽ എംപി, തോമസ് കെ തോമസ് എംഎൽഎ, സംസ്ഥാന ട്രഷറർ പി ജെ കുഞ്ഞുമോൻ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ് സ്വാഗതവും ജില്ലാ പ്രസിഡന്റ് ടി പി അബ്ദുൾ അസീസ് നന്ദിയും പറഞ്ഞു.