ആലപ്പുഴ > പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ ഒരാൾകൂടി പിടിയിൽ. ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനമാണ് പിടിയിലായത്. മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അൻസാറിനെ ഇന്നലെ കസ്റ്റഡിയിലെടുത്തു.
നേരത്ത, സംഭവത്തില്‍ ആലപ്പുഴ സൗത്ത് പോലീസ് കേസ് എടുത്തിരുന്നു. 153 എ പ്രകാരം പ്രകോപനപരമായി മുദ്രാവാക്യം വിളിച്ച് മതസ്പര്‍ധ വളര്‍ത്തിയതിനാണ് കേസ്. കുട്ടിയെ റാലിയില്‍ എത്തിച്ചവര്‍ക്കെതിരേയും സംഘാടകര്‍ക്കെതിരേയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് രഹസ്യാന്വേഷണവിഭാഗം അന്വേഷണം തുടങ്ങിയിരുന്നു.
കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ റാലിക്കിടെയാണു കുട്ടി പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചത്. മറ്റൊരാളുടെ ചുമലിലിരുന്നു കുട്ടി വിളിച്ച മുദ്രാവാക്യം മറ്റുള്ളവര്‍ ഏറ്റുവിളിച്ചതു സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.