കൊച്ചി > തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് അട്ടിമറി വിജയം നേടുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. യുഡിഎഫിന്റെ ശക്തികേന്ദ്രമായ അരുവിക്കരയിൽ കഴിഞ്ഞ തവണ എൽഡിഎഫ് വിജയിച്ചു കയറിയതുപോലെ ഇത്തവണ തൃക്കാക്കരയിലും അട്ടിമറി വിജയം നേടുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ മണ്ഡലത്തിൽ എൽഡിഎഫ് തരംഗമുണ്ടായി. ഡോക്ടർ ജോ ജോസഫിന് അനുകൂലമായ നല്ല പ്രതികരണങ്ങളാണ് ഉണ്ടായത്. ഇതെല്ലാം വോട്ടായി മാറ്റാനുള്ള രാഷ്ട്രീയ പ്രവർത്തനവും സംഘടനാ പ്രവർത്തനവും മണ്ഡലത്തിൽ നടക്കുന്നു. എന്നാൽ എൽഡിഎഫിനെതിരായ അവിശുദ്ധ കൂട്ടുക്കെട്ടുണ്ടാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി ബിജെപി ഓഫീസിൽ പോയി കുമ്മനം രാജശേഖരനോട് വോട്ടഭ്യർത്ഥിച്ചത് കോൺഗ്രസ് നേതൃത്വവും ബിജെപി നേതൃത്വവും കൂട്ടിയാലോചിച്ച് നടത്തിയ പ്രവർത്തനമാണ്. സിപിഐ എം സെമിനാറിൽ പങ്കെടുത്ത കെ വി തോമസിനെ പുറത്താക്കിയ കോൺഗ്രസ്, ബിജെപി ഓഫീസിൽ പോയി വോട്ടഭ്യർത്ഥിച്ച തൃക്കാക്കര യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ നടപടിയെടുക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് തൃപ്പൂണിത്തുറയിൽ രണ്ട് സീറ്റിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചത്. അതിന്റെ പ്രത്യുപകാരമായി കുറേ വോട്ട് കോൺഗ്രസിന് അനുകൂലമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ബിജെപിയുമായി മാത്രമല്ല എസ്ഡിപിഐയുമായെയും കൂടെനിർത്തി വിശാല ഇടതുവിരുദ്ധ മുന്നണി ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഈ നീക്കങ്ങൾ ഒന്നും വിജയിക്കാൻ പോവുന്നില്ല. തൃക്കാക്കരയിലെ വോട്ടർമാർ വിദ്യാസമ്പന്നരും രാഷ്ട്രീയ കാഴ്പാടുള്ളവരുമാണ്. അതുകൊണ്ട് തന്നെ ഇത്തരം നീക്കങ്ങൾ പരാജയപ്പെടുത്തി ഡോ ജോ ജോസഫ് തൃക്കാക്കരയിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.