കൊച്ചി > തൃക്കാക്കരയിൽ ബിജെപി വോട്ട് യുഡിഎഫിന് മറിക്കാനുള്ള ധാരണയുടെ അടിസ്ഥാനത്തിൽ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നേരിട്ടെത്തി സഹായം അഭ്യർഥിച്ചു. ബിജെപി അണികളെ ബോധ്യപ്പെടുത്താൻ സ്ഥാനാർഥി പരസ്യമായി എത്തി സഹായം അഭ്യർഥിക്കണമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് സന്ദർശനമെന്നറിയുന്നു.
തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ പാലാരിവട്ടത്ത് ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലായിരുന്നു മഹിളാ കോൺഗ്രസ് പ്രവർത്തകരെയും കൂട്ടി സന്ദർശനം. ബിജെപി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ തൃക്കാക്കരയിൽ ക്യാമ്പു ചെയ്യുന്ന കുമ്മനം രാജശേഖരൻ ഓഫീസിൽ ഉള്ളപ്പോഴാണ് ഉമ തോമസ് എത്തിയതെന്നത് ശ്രദ്ധേയമാണ്. ‘സഹായിക്കണം, പ്രാർത്ഥിക്കണം’ എന്നാണ് ഉമ തോമസ് കുമ്മനത്തോടും ഓഫീസിലുണ്ടായിരുന്ന മറ്റു ബിജെപി നേതാക്കളോടും അഭ്യർഥിച്ചത്.
വട്ടിയൂർകാവിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ് നായരടക്കം ചിലരും സ്ഥാനാർഥിക്കൊപ്പമുണ്ടായി. നേരത്തെ തീരുമാനിച്ച സന്ദർശനമായിരുന്നതുകൊണ്ട് മുതിർന്ന കോൺഗ്രസ് നേതാക്കൾ ഈ സമയം സ്ക്വാഡിൽ നിന്ന് മാറിനിന്നതും ശ്രദ്ധിക്കപ്പെട്ടു. സന്ദർശനത്തിന്റെ വീഡിയോ ചിത്രീകരിച്ച് ബിജെപി, യുഡിഎഫ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്ത് ഇരു മുന്നണികളുടെയും പ്രവർത്തകരുടെ വിശ്വാസം ഉറപ്പിക്കാനായിരുന്നു ധാരണ.
എറണാകുളം ജില്ലയിൽ യുഡിഎഫ് പ്രതിസന്ധി ഘട്ടത്തിലെല്ലാം ബിജെപിയുടെ സഹായം തേടിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ ബിജെപിയുമായി ധാരണയിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കെ ബാബു അതു ബിജെപി അണികളെ ബോധ്യപ്പെടുത്താൻ സമാന രീതിയിൽ പ്രസ്താവന നടത്തിയിരുന്നു. ഇത്തവണ ബിജെപി വോട്ടുകൾ തനിക്കാണെന്നാണ് അന്നു കെ ബാബു പ്രചാരണത്തിനിടെ ചാനലുകളോടു പറഞ്ഞത്. പ്രത്യുപകാരമായി കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറ നഗരസഭയിൽ രണ്ട് വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വോട്ട് മറിച്ചുകൊടുത്ത് ബിജെപി സ്ഥാനാർഥികളെ വിജയിപ്പിക്കുകയും ചെയ്തിരുന്നു. രണ്ടിടത്തും യുഡിഎഫ് മൂന്നാം സ്ഥാനത്തായി.